തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നാലാംദിവസവും നിയമസഭ തടസ്സപ്പെട്ടു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തിലേക്ക് എത്തിയതുമുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അനുസരിച്ചില്ല.

To advertise here,

ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്ഥാനംതെറ്റി ഇരിക്കുകയാണെന്നും സ്വന്തം സീറ്റിലിരുന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മൈക്ക് നല്‍കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ ശാരീരികാധിക്ഷേപത്തിനെതിരേ പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചു. എന്നാല്‍, മുഖ്യമന്ത്രി ആരുടെയും പേരെടുത്തുപറഞ്ഞില്ലെന്ന് പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് പ്രതിരോധിച്ചു. പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു.

ഇതിനിടെ, പ്രതിഷേധ ബാനര്‍ പിടിച്ചുവാങ്ങണമെന്ന് സ്പീക്കര്‍ പലതവണ ആഹ്വാനം ചെയ്തത് പ്രതിഷേധം വര്‍ധിക്കാന്‍ ഇടയാക്കി. ബഹളത്തിനിടെ സഭയില്‍ ചോദ്യോത്തരവേള തുടരുകയാണ്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മറുപടി നല്‍കി.