തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം. എംഎൽഎമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തിൽ സത്യഗ്രഹം നടത്തുന്നു. ശബരിമല സ്വർണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ  ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തിൻമേലുള്ള അടിയന്തിര പ്രമേയത്തിന് സ്പീർക്കർ അവതരണാനുമതി നിഷേധിച്ചു.

To advertise here,

ചോദ്യോത്തരവേളയിൽ ചോദ്യം ചോദിക്കാനായി സ്പീക്കർ ക്ഷണിച്ചതിനു പിന്നാലെയാണ് തങ്ങൾ ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രി ഓഫീസിലെ ഇടപെടലിനെതിരായാണ് പ്രതിഷേധമെന്നും സി.ആർ. മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തിൽ ഇന്നുമുതൽ സത്യാഗ്രഹം തുടങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. പ്രതിപക്ഷം സഭയിൽ സഹകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച അന്വഷണം ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന സമരം ഹൈക്കോടതിക്കെതിരായ സമരമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പയ്യന്നൂരിലുണ്ടായ കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇത് സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല. വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. നോട്ടീസ് പരിഗണനാ യോഗ്യമല്ലെന്നും സബ്മിഷനായി വേണമെങ്കിൽ ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു.