
കോട്ടയം/കൊച്ചി: വേതനവർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം ദിവസങ്ങൾ പിന്നിടുമ്പോൾ ഓണറേറിയം വർധിപ്പിച്ച് വിവിധ നഗരസഭകളും പഞ്ചായത്തുകളും. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ, മണ്ണാർക്കാട്, മരട് നഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പെരുമ്പാവൂർ, മരട് നഗരസഭകൾ 2000 രൂപയും മണ്ണാർക്കാട് നഗരസഭ 2100 രൂപയും മുത്തോലി ഗ്രാമപഞ്ചായത്ത് 7000 രൂപയും അധിക ഓണറേറിയം നൽകും.
സർക്കാർ നിലവിൽ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇൻസെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്ത് - നഗരസഭ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പണി ചെയ്യുന്നവർക്ക് വേതനം നൽകണം, അത് ഔദാര്യമല്ല അവകാശമാണെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി പറഞ്ഞു. ഒരു വർഷം ഒരു ആശയ്ക്ക് 84,000 രൂപ അധികം ലഭിക്കും. ഇതിനായി പഞ്ചായത്ത് ബഡ്ജറ്റിൽ 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന കോന്നി, എലപ്പുള്ളി, തൊടിയൂർ ഗ്രാമപഞ്ചായത്തുകളും ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും അധിക ഓണറേറിയം പ്രഖ്യാപിച്ചിരുന്നു. കോന്നി ഗ്രാമപഞ്ചായത്ത് ആശപ്രവർത്തകർക്ക് 2000 രൂപ വീതവും എലപ്പുള്ളി, തൊടിയൂർ ഗ്രാമപഞ്ചായത്തുകളും പാലക്കാട് നഗരസഭയും 1000 രൂപ വീതവും അധികം നൽകുന്നതിന് ബഡ്ജറ്റിൽ തുക മാറ്റിവെച്ചിരുന്നു. ആശവർക്കർമാരുടെ സമരത്തോട് കേരള സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫും ബിജെപിയും ഭരിക്കുന്ന നഗരസഭകളും പഞ്ചായത്തുകളും ഓണറേറിയം ഇനത്തിൽ തനതുഫണ്ടിൽ നിന്ന് തുക മാറ്റിവെക്കുന്നത്.
Content Highlights: Several Kerala Panchayats & Municipalities increase Asha worker honorarium
Published: 27 Mar 2025, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented