
തൊടുപുഴ: പൊതുസ്ഥലത്ത് ബോർഡുകളും ബാനറുകളും സ്ഥാപിച്ചാൽ നടപടിയെടുക്കാൻ നിയമമുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളിലും മതിലുകളിലുമടക്കം ഒട്ടിക്കുന്ന പോസ്റ്ററുകളുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കോ...? ഒന്നും ചെയ്യാനാകില്ലെന്നാണ് പഞ്ചായത്തിരാജ് പറയുന്നത്. എന്നാൽ, പൊതുപ്രവർത്തകന്റെ ഒറ്റയാൾ പോരാട്ടഫലമായി ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് ആ പതിവൊന്ന് മാറ്റി. കാത്തിരിപ്പ് കേന്ദ്രത്തിൽ ഒട്ടിച്ച പോസ്റ്ററുകൾ നീക്കം ചെയ്യുക മാത്രമല്ല, ഒട്ടിച്ചവരെ കണ്ടെത്തി പിഴയും വിധിച്ചു.
കരിമണ്ണൂർ ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം പോസ്റ്ററുകൾകൊണ്ട് നിറഞ്ഞിരുന്നു. കരിമണ്ണൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ സിനു ജോസാണ് ഈ 'വൃത്തികേടിനെതിരേ' ഇറങ്ങിത്തിരിച്ചത്. ദൃശ്യമടക്കം ആദ്യപരാതി അയച്ചത് മാലിന്യമുക്ത നവകേരളം വാട്‌സാപ്പ് നമ്പർ വഴി. പിന്നെ കെ സ്മാർട്ട് വഴി പഞ്ചായത്തിനും. ദൃശ്യ മലിനീകരണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കണമെന്നായിരുന്നു ആവശ്യം.
ദൃശ്യമലിനീകരണം എന്നത് നിയമത്തിലില്ലാത്തതിനാൽ നിയമപരമായി നടപടിയെടുക്കാനാകില്ലെന്നായിരുന്നു സർക്കാർ മറുപടി. എന്നാൽ പോരാട്ടം അവസാനിപ്പിക്കാൻ സിനു തയ്യാറായില്ല. ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതി അയച്ചു. ഉടൻ നടപടിയുമുണ്ടായി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കരിമണ്ണൂർ പോലീസ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി. ദൃശ്യമലിനീകരണത്തിനല്ലെങ്കിലും പൊതുസ്ഥലം മലിനമാക്കിയെന്ന വകുപ്പ് ചുമത്തി പഞ്ചായത്ത് നടപടിയെടുത്തു. പോസ്റ്റർ നീക്കംചെയ്ത് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി. കൂടെ ഒട്ടിച്ചവരെ കണ്ടെത്തി 3000 രൂപ വീതം പിഴയടക്കാൻ നോട്ടീസും നൽകിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. രാഷ്ട്രീയപാർട്ടികളടക്കമുള്ളവർ ഈ പട്ടികയിലുണ്ട്.
വിദേശത്ത് ഇത്തരം പ്രവണതകൾക്കെതിരേ നടപടിയെടുക്കാൻ ദൃശ്യമലിനീകരണമെന്നൊരു വകുപ്പുണ്ട്. ഇത് പഞ്ചായത്തീരാജിലും ഉൾപ്പെടുത്തണമെന്നും സിനു ആവശ്യപ്പെടുന്നു.
Content Highlights: Kerala Citizen's Campaign Leads to Removal of Illegal Posters and Fines in Karimannoor
Published: 01 Aug 2025, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented