ആലപ്പുഴ: യുഡിഎഫ് എംപിമാരുടെ പ്രവർത്തനം ചർച്ചചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതംചെയ്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തീയതിയും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കോഴിക്കോട് പ്രതികരിച്ചിരുന്നു. ഇതിനേക്കുറിച്ച് ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ.
"മുഖ്യമന്ത്രി തയ്യാറാണെങ്കിൽ സംവാദത്തിന് നാളെത്തന്നെ തയ്യാറാണ്. അതല്ല, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്നറിയിച്ചാൽ ആ ദിവസം സംവാദം നടത്താം. യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേരളത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാർ പോരാടിയത്. ആഴക്കടൽ മത്സ്യബന്ധനം, മണൽ ഖനനം, കപ്പൽ മുങ്ങിയത് ഉൾപ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനം ഉൾപ്പെടെയുള്ള നിരവധിയായ വിഷയങ്ങളും യുഡിഎഫ് എംപിമാർ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഡീലുകൾക്കുവേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാർ സന്ദർശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ, കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ട്", കെ.സി. വേണുഗോപാൽ പറഞ്ഞു.
"ശബരിമല സ്വർണ്ണക്കൊള്ളയിൽ നടക്കുന്ന അന്വേഷണം ഹൈക്കോടതി ചുമതലപ്പെടുത്തിയതാണ്. അതിൽ സർക്കാരിന് പങ്കില്ല. പക്ഷെ, അന്വേഷണസംഘം സമയപരിധി നീട്ടിക്കൊണ്ടുപോകുന്നത് ചില താത്പ്പര്യങ്ങൾക്ക് വേണ്ടിയാണോയെന്ന് ജനം സംശയിക്കുന്നു. സ്വർണ്ണക്കൊള്ളക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മറ്റ് അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ താത്പ്പര്യം ആരെയൊക്കയോ സംരക്ഷിക്കാനാണ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇനിയും വൻ തോക്കുകൾ വരാനുണ്ട്", അദ്ദേഹം കൂട്ടിച്ചേർത്തു.
Published: 07 Dec 2025, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented