ആലത്തൂർ: സബ് ആർ.ടി.ഒ. ഓഫീസിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മിന്നൽ സന്ദർശനം. ജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റം മാന്യമായിരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

To advertise here,

അപേക്ഷിച്ചിട്ട് ഒരുവർഷമായിട്ടും വാഹനത്തിന്റെ ആർ.സി. കിട്ടിയില്ലെന്ന പരാതിയുമായി എത്തിയയാൾക്ക് ഉടൻ ആർ.സി. നൽകണമെന്ന് നിർദേശിച്ചതിനൊപ്പമായിരുന്നു ഇത്. പ്രവർത്തനം നിരീക്ഷിച്ചശേഷം ഓഫീസ് വൃത്തിയാക്കി സൂക്ഷിക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഇതിനായി മാസത്തിലൊരിക്കൽ 'സ്മാർട്ട് സാറ്റർഡേ' ക്രമീകരിക്കണമെന്നും അദ്ദേഹം നിർദേശ നൽകി.

വെള്ളിയാഴ്ച രണ്ടരയോടെയാണ് മന്ത്രി എത്തിയത്. ആലത്തൂർ താലൂക്ക് പബ്ലിക് സർവെന്റ്‌സ് സഹകരണ സംഘം, ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ആലത്തൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ തുടങ്ങുന്നതിനിടെയായിരുന്നു ഇത്.

ചടങ്ങിന് ആശംസ നേർന്ന മന്ത്രി അവിടെ ഉദ്ഘാടകനായിരുന്ന കെ.ഡി. പ്രസേനൻ എം.എൽ.എ.യെയും ഒപ്പം കൂട്ടിയാണ് സബ് ആർ.ടി.ഒ. ഓഫീസിലേക്ക് പോയത്. ആലത്തൂരിൽ മുഴുവൻസമയ ജോ. ആർ.ടി.ഒ. ഇല്ലെന്നും പട്ടാമ്പി ജോ. ആർ.ടി.ഒ.യ്ക്ക് അധിക ചുമതലയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.

നിയമനം ലഭിച്ചയാൾ ഉടനെത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട് ആർ.ടി.ഒ. ജെ. ജേഴ്‌സൺ, ആലത്തൂർ എം.വി.ഐ. എസ്. സമീഷ്, എ.എം.വി.ഐ. വി. വിപിൻ എന്നിവരും ജീവനക്കാരും ആദ്യം തെല്ലമ്പരന്നെങ്കിലും ഓഫീസ് പ്രവർത്തനം വിശദീകരിച്ചു.