കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മനംനൊന്ത് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ വിതുമ്പി. രാഷ്ട്രീയത്തിലേക്കും പൊതുരംഗത്തേക്കും കടന്നുവരുന്ന പെൺകുട്ടികളെയും ഗവേഷകരെയും അഭിഭാഷകരെയുമൊക്കെ തളർത്താനാണ് ഇത്തരം നീചമായ ശക്തികൾ ശ്രമിക്കുന്നതെന്ന് യു പ്രതിഭ പറഞ്ഞു. എന്നാൽ സ്ത്രീകൾ ഇത്തരം പ്രതിലോമ പ്രവർത്തനങ്ങളെ അതിജീവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എൽഡിഎഫ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് എംഎൽഎ കൂടിയായ പ്രതിഭ വികാരാധീനയായത്.
വ്യക്തിപരമായ അധിക്ഷേപം നടത്തി തിരഞ്ഞെടുപ്പ് ചിത്രം മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. കായംകുളം അസംബ്ലി മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളെ മുൻനിർത്തി വോട്ട് ചോദിക്കുന്നതിന് പകരം, സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് വക്താക്കൾ പറഞ്ഞു. പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎ വരെയായി പ്രവർത്തിച്ച ഒരു ജനപ്രതിനിധിക്കെതിരെ ഉണ്ടായ ഈ നീക്കം കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ലീഗ് നേതാവ് ഖേദം പ്രകടിപ്പിച്ചെങ്കിലും അത് അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറല്ല. ഒരു കുറ്റകൃത്യം ചെയ്ത ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് അത് ഇല്ലാതാകില്ലെന്നും, യുഡിഎഫ് ചെയർമാന്റെ പ്രസ്താവന സ്ത്രീപീഡനത്തിന് തുല്യമായ കുറ്റകൃത്യമാണെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യക്തിഹത്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് എൽഡിഎഫ് തീരുമാനം. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.
Published: 25 Mar 2026, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented