
പോത്തുകല്ല്: രണ്ടു വശത്തും പച്ചനിറത്തില്‍ റബ്ബര്‍മരക്കാടുകളാണ്. നടുവില്‍ നെടുങ്കന്‍ ത്രികോണംപോലെ മണ്ണില്‍ തെളിഞ്ഞ് പാറകള്‍ കാണാം. താഴെ രണ്ടു വശത്തായി മനോഹരമായ തെളിഞ്ഞ പച്ചപ്പ്. അഞ്ചുകൊല്ലം കൊണ്ട് കവളപ്പാറയിലെ മുത്തന്‍കുന്നിനുണ്ടായ ചെറിയൊരു മാറ്റം മാത്രമാണിത്.
അഞ്ചുകൊല്ലം മുന്‍പ് ഒരേ മട്ടില്‍ റബ്ബര്‍ മരങ്ങളായിരുന്ന മലഞ്ചെരിവാണ്. മലയുടെ മൂക്കുപോലെ നിന്ന ചെറിയൊരു ഭാഗം തുടരെ പെയ്ത മഴയില്‍ പൊട്ടിയൊലിച്ച് വീഴുകയായിരുന്നു. ആകെയൊരു നാലഞ്ച് ഏക്കറോളം വരുന്നത്രയും ഭാഗമാണ് പൊട്ടിത്തകര്‍ന്നു വീണത്. അവിടെ മാത്രം ഇപ്പോള്‍ മരങ്ങളൊന്നുമില്ല. മണ്ണിനിടയില്‍ തെളിഞ്ഞ പാറ മാത്രം. അതിനുതാഴെ മലയിടിഞ്ഞു വീണ് തൂര്‍ന്നുപോയ ചെരിവുകളിലും മരങ്ങളൊന്നുമില്ല. അവിടെയാണ് സായാഹ്നവെയിലില്‍ തെളിഞ്ഞ നിറത്തില്‍ നല്ല പച്ചപ്പ് നിറഞ്ഞിരിക്കുന്നത്.
മലമുകളില്‍ ഒന്നൊന്നര മീറ്ററോളം കനത്തിലുണ്ടായിരുന്ന മേല്‍മണ്ണിനു താഴെ നിറയെ ഉരുളന്‍കല്ലുകളും പാറകളുമായിരുന്നു. മണ്ണ് ഇടിഞ്ഞുവീണ പ്രദേശത്തുണ്ടായിരുന്ന മരങ്ങളും പാറകളും ഒന്നാകെ താഴെയുണ്ടായിരുന്ന കുടിലുകളെയും ചെറുവീടുകളെയും തൂത്തെറിഞ്ഞുകളഞ്ഞു. മുത്തന്‍കുന്ന് എന്ന വലിയ മലയിലാകെ തിങ്ങിനിറഞ്ഞിരുന്ന വെള്ളം ഒന്നാകെ കുത്തിയൊലിച്ചു പാഞ്ഞു. ആ കുത്തൊഴുക്കില്‍ തൂര്‍ന്നുപോയത് 59 ജീവനുകളാണ്.
മുത്തന്‍കുന്നിനു താഴെയുണ്ടായിരുന്ന റോഡും തോടും എല്ലാം മണ്ണും മരങ്ങളും വന്നുനിറഞ്ഞു. മലയുടെ താഴ്വാരത്തിലൂടെ പോയിരുന്ന ചെറിയ നാട്ടുവഴിക്കിപ്പുറം പത്തിരുപത് ഏക്കറോളം പ്രദേശത്തേക്കാണ് മണ്ണും കല്ലും മരങ്ങളുമെല്ലാം വന്നുവീണത്.
മണ്ണില്‍ കാണാതായ 11 പേര്‍ക്കു വേണ്ടിയുള്ള വിഫലമായ തിരച്ചില്‍ ആഴ്ചകളോളം നീണ്ടു. ഏതാണ്ടൊരു പത്തടിയില്‍ താഴെ കനത്തില്‍ ഒഴുകിനിറഞ്ഞ മണ്ണും ചെളിയും ജെ.സി.ബി.കള്‍ ഉഴുതുമറിച്ചു. ആ തിരച്ചിലില്‍ ജെ.സി.ബികള്‍ മണ്ണ് കോരിക്കൂട്ടിയുണ്ടായ ചെറുകൂനകളും കുഴികളും ഒക്കെ ഇപ്പോഴും അതുപടി കിടപ്പുണ്ട്. എല്ലായിടത്തും പുല്ലും ചെറുചെടികളും നിറഞ്ഞു എന്നുമാത്രം.
ഉരുള്‍പൊട്ടുന്നു ഓര്‍മകള്‍
കഷ്ടി അരക്കിലോമീറ്ററോളം താഴെയായി പനങ്കയത്തുനിന്നുള്ള റോഡിന്റെ വശങ്ങളില്‍ താമസിക്കുന്ന വീട്ടുകാര്‍ക്കൊന്നും ആ ദുരന്ത രാത്രിയെക്കുറിച്ച് പറയാന്‍ തീരെ താത്പര്യമില്ല.
കാക്കീരി രായിന്റെ വീട്ടുമുറ്റത്തുനിന്നു നോക്കിയാല്‍ നേരേ കാണുന്നത് ആ മണ്ണൊലിപ്പില്‍ തെളിഞ്ഞ മലയാണ്. വീട്ടുമുറ്റത്തെ മണ്ണില്‍ വെറുതെയിരുന്ന് അദ്ദേഹം ആ ഓര്‍മകളെല്ലാം പറഞ്ഞു, ഒട്ടും താത്പര്യമില്ലാതെ. പക്ഷേ, അന്നത്തെ സംഭവങ്ങളെല്ലാം അതീവ സൂക്ഷ്മതയോടെ ആ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. 'എന്റെ ചിത്രവും കാര്യങ്ങളുമൊന്നും പത്രത്തിലിടണ്ട' എന്ന് അനിഷ്ടത്തോടെയാണ് പറഞ്ഞത്. പക്ഷേ, പിന്നെയും അന്നത്തെ ഓര്‍മകള്‍ തികട്ടി വരുന്നത് അടക്കിവെക്കാനുമാവുന്നില്ല.
'പാവങ്ങളായിരുന്നു അന്ന് പോയതിലേറെയും. ആ മലഞ്ചെരിവില്‍ താമസിക്കാന്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നു. നല്ല വീടുകളും സ്ഥലവും ഉണ്ടായിരുന്നവര്‍ക്ക് അതിനു തക്ക നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. കുടിലുകളില്‍ കഴിഞ്ഞിരുന്നവരില്‍ അവശേഷിച്ചവര്‍ക്ക് അവിടെയും ഇവിടെയുമൊക്കെയായി താമസസൗകര്യം കിട്ടി. ആ മലഞ്ചെരിവ് ഒന്നാകെ ആളുകളുടെ കൃഷിഭൂമിയായിരുന്നു. പത്തന്‍പത് ഏക്കറിലധികം സ്ഥലം. അവിടേക്ക് ഇപ്പോള്‍ ആരും പോകാറില്ല' -രായിന്‍ പറഞ്ഞു.
ഒരു ചെറിയ മലയുടെ മുകളില്‍ നിന്ന് ചെറിയൊരു ഭാഗം അടര്‍ന്നുവീണാല്‍ മതി, വലിയൊരു വിഭാഗം മനുഷ്യരുടെ ജീവിതമാകെ കുത്തിയൊലിച്ചുപോകാന്‍ എന്ന് ഓര്‍മിപ്പിക്കും വിധം തെളിഞ്ഞു നില്‍ക്കുകയാണ് കവളപ്പാറ.
കാലം കടന്ന്...
2019 ഓഗസ്റ്റ് എട്ടിനു മുത്തപ്പൻ കുന്നിൽനിന്ന് മരവും കല്ലും മണ്ണും ഒഴുകിയെത്തി തകർത്തത് കവളപ്പാറക്കാരുടെ ജീവിതമായിരുന്നു. രാത്രി എട്ടിനു നടന്ന ഉരുൾപ്പൊട്ടലിൽ 59 പേരാണ് മരിച്ചത്. നാല്പത്തഞ്ചോളം വീടുകൾ നിലംപരിശായി. സർവതും നശിപ്പിച്ചുള്ള ദുരന്തം പുറംലോകം അറിയാൻ ആ രാത്രി കഴിയേണ്ടിവന്നു.
48 പേരുടെ മൃതദേഹങ്ങൾ മണ്ണിൽനിന്ന് കണ്ടെടുത്തു.11പേർ ഇപ്പോഴും മുത്തപ്പൻകുന്നിനു താഴെ അന്ത്യവിശ്രമത്തിലാണ്. ഈ 11പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ 20 ദിവസം കഠിനശ്രമം നടത്തി. ഒടുവിൽ അവരെ തനിച്ചാക്കി എല്ലാ ശ്രമങ്ങളും അവസാനിപ്പിച്ചു.
വീടു നഷ്ടപ്പെട്ടവർക്കെല്ലാം 10 ലക്ഷം നഷ്ടപരിഹാരം ലഭിച്ചു.
നാലു ലക്ഷം രൂപ സ്ഥലം വാങ്ങാനും ആറു ലക്ഷം രൂപ വീടുവെക്കാനും. മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ സഹായംകിട്ടി. ദുരന്തത്തിനിരയായവരും ജിയോളജി വകുപ്പ് മാറാൻ നിർദേശിച്ചവരുമായ 190 കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ സാധ്യമാക്കിയിട്ടുണ്ട്.
കവളപ്പാറ പട്ടികവർഗ കോളനിക്കാരായ 33 കുടുംബങ്ങൾക്ക് ഉപ്പട ആനക്കല്ലിലാണ് പുനരധിവാസം ഒരുക്കിയത്. 10 സെന്റ് മുതൽ രണ്ടു ഏക്കർവരെ ഭൂമി നഷ്ടപ്പെട്ട കവളപ്പാറക്കാരുണ്ട്. അവർക്കു നഷ്ടപരിഹാരമോ പകരം ഭൂമിയോ കിട്ടിയിട്ടില്ല. പഴയ ഭൂമി തിരിച്ചുകിട്ടാൻ കേസ് നടത്തുകയാണ് അവരെല്ലാം. ചിലർ തങ്ങളുടെ സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്.
മുണ്ടക്കൈയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപ്പൊട്ടലിൽ തെറിച്ചുപോയ മനുഷ്യരുടെ ശരീരങ്ങളും ശരീരഭാഗങ്ങളും മുത്തപ്പൻ കുന്നിനു താഴെയുള്ള ചാലിയാറിലൂടെ ഒഴുകിയെത്തി.
ഉള്ളുലയ്ക്കും ഓർമകൾ
തോട്ടിലെ വെള്ളം പറമ്പിൽ കയറാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ മൂന്നുമക്കളേയും കൊണ്ട് മാതാവ് ജസ്ന അയൽവാസിയായ ഷാജഹാന്റെ വീട്ടിലേക്ക് മാറിയത്. പെട്ടെന്ന് ‘മരങ്ങൾ വീഴുന്നേ’ എന്ന ആരുടെയോ അലർച്ച കേട്ടപ്പോൾ മാതാവ് ഞങ്ങളെ ചേർത്തുപിടിച്ച് ഓടി. ഇല്ലായിരുന്നെങ്കിൽ ഞങ്ങളെല്ലാം മണ്ണിനടിയിലാകുമായിരുന്നു. പുത്തലവൻ അജ്മൽ അന്നത്തെ സംഭവം ഓർത്തെടുത്തു. പ്ലസ് വണിൽ പഠിക്കുകയായിരുന്നു അന്ന് ഞാൻ.
12 വർഷംകൊണ്ട് പിതാവ് പ്രവാസജീവിതത്തിൽ നേടിയ സമ്പാദ്യമാണ് സെക്കൻഡുകൾ മാത്രമുണ്ടായിരുന്ന ആ ശബ്ദത്തിൽ തകർന്നടിഞ്ഞത്. ഉരുൾപൊട്ടിയതിന്റെ നാലര മാസം മുൻപാണ് ഞങ്ങൾ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ആ വീട് മണ്ണിനടിയിലായി. നെട്ടിക്കുളത്താണ് പുതിയ വീട് വെച്ചത്. ഇടയ്ക്കൊക്കെ കവളപ്പാറയിലേക്ക് പോകാറുണ്ടെന്ന് അജ്മൽ പറഞ്ഞു.
ദുരന്തശേഷം ഞങ്ങളെ ഫോൺ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് പിതാവ് അഷ്റഫ് ഗൾഫിൽനിന്ന് ജോലികളഞ്ഞ് വരികയും ചെയ്തു. പിന്നീട് ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം ഒരു വഴിക്ക് എത്തിച്ചത്. പിതാവ് വീണ്ടും ഗൾഫിലേക്ക് പോയി. ആ ഓർമകൾ കൊണ്ടുനടക്കാൻ അജ്മലിനു ഒട്ടും താത്പര്യമില്ല. പക്ഷേ മുണ്ടക്കൈയിലെ ദുരന്തം ആ ഓർമകളെ വീണ്ടും ഉണർത്തി.
Content Highlights: kavalappara landslide case five year
Published: 07 Aug 2024, 07:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented