ചെർക്കള (കാസർകോട്): ഭർതൃവീട്ടുകാരുടെ മുന്നിൽ രാസലായനി കുടിച്ച് യുവതി ജീവനൊടുക്കി. ചെങ്കള ചെർളടുക്കത്തെ എം.കെ.ഫാത്തിമത്ത് സുഫൈദ (24) ആണ് ആത്മഹത്യചെയ്തത്. ചെങ്കള പാണലത്തെ ആദിലിന്റെ ഭാര്യയാണ്. രണ്ടുമാസത്തോളം പ്രായമുള്ള പെൺകുട്ടിയുടെ മാതാവാണ്. ഭർതൃവീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. പരാതിയെത്തുടർന്ന് ഭർത്താവ് ആദിലിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

ബി.എ., ബി.എഡ് ബിരുദധാരിയാണ് ഫാത്തിമത്ത് സുഫൈദ. നായന്മാർമൂല തൻബിഹുൽ ഇല്‌സാം ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ആദിൽ പ്രവാസിയായിരുന്നു. മൂന്നുവർഷത്തോളമുള്ള പ്രണയത്തിനൊടുവിൽ, ഒരുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിന്നാലെ സ്വർണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. നിരന്തരം ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനത്തിന് സുഫൈദ ഇരയായെന്ന് കുടുംബം ആരോപിക്കുന്നു. തിങ്കളാഴ്ച ഒന്നാം വിവാഹവാർഷികം നടക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ ശനിയാഴ്ച രാത്രി പാണലത്തെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ ഭർത്താവ് ആദിൽ പ്രകോപനപരമായി സംസാരിച്ചു. പോയാൽ തിരിച്ചുവരേണ്ടതില്ലെന്നും പറഞ്ഞു. തുടർന്ന് വീട്ടുകാരുടെ മുന്നിൽ വച്ച് യുവതി തുരുമ്പ് കളയുന്നതിന് ഉപയോഗിക്കുന്ന രാസലായിനി കഴിക്കുകയായിരുന്നു. ഉടൻ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു.

ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ഭാഗത്തുനിന്ന് യുവതിക്ക് ശാരീരികവും മാനസികവുമായ ഉപദ്രവമുണ്ടായിരുന്നുവെന്ന് സഹോദരൻ എം.കെ.അബ്ദുൽ വാസിൽ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ചെർളടുക്കയിലെ പരേതനായ അബ്ബാസിന്റെയും സഫിയയുടെയും മകളാണ് സുഫൈദ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)