കാഞ്ഞങ്ങാട്: വിവാഹത്തിൽ പങ്കെടുത്ത് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ വധുവിന്റെ മുത്തശ്ശിയുൾപ്പടെ മൂന്ന് സ്ത്രീകൾ തീവണ്ടി തട്ടി മരിച്ചു. കോട്ടയം പാലക്കുടിയിൽ ചിങ്ങവനത്തെ ചിന്നമ്മ (68), പരപ്പൂത്തറ ഈരയിലെ ആലീസ് തോമസ് (61), ചിങ്ങവനം പരുത്തുംപാറ കുഴിമറ്റത്തെ എയ്ഞ്ചലീന (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴേകാലോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തെ പാളത്തിൽ ഉന്തുവണ്ടിക്കായി (ട്രോളി) ഉപയോഗിക്കുന്ന സ്ഥലത്ത് വച്ചാണിവരെ തീവണ്ടി ഇടിച്ചത്.
കള്ളാറിൽ നടന്ന, ചിന്നമ്മയുടെ കൊച്ചുമകൾ മാർഷയുടെയും കള്ളാറിലെ ജസ്റ്റിന്റെയും വിവാഹത്തിൽ പങ്കെടുത്ത് അൻപതോളം പേരടങ്ങുന്ന സംഘം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കാനായി പാളം മുറിച്ചുകടക്കവേ കണ്ണൂർ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂർ-ഹിസാർ എ.സി. സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മൂന്നുപേരെയും ഇടിച്ചു. കൂട്ടത്തിലുണ്ടായിരുന്നവരിൽ കുറച്ചുപേർ ഒഴിഞ്ഞുമാറി.
ഇരുട്ടായതിനാൽ വണ്ടിയിടിച്ചവരെ കാണാതെ മറ്റുള്ളവർ കുഴങ്ങി. അപകടത്തെത്തുടർന്ന് 7.19 മുതൽ 7.33 വരെ 14 മിനിറ്റ് പരിശോധനയ്ക്കായി വണ്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. മരിച്ചവരിലൊരാളുടേതെന്ന് കരുതുന്ന ബാഗ് എൻജിനിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. അല്പസമയത്തിനുശേഷം ട്രെയിൻ സ്റ്റേഷൻ വിട്ടു. അതിവേഗ തീവണ്ടിയായ കോയമ്പത്തൂർ-ഹിസാർ എ.സി. സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ മംഗളൂരുവിലാണ് സ്റ്റോപ്പുള്ളത്.
മരിച്ച ചിന്നമ്മയുടെ ഭർത്താവ്: പി.എ.ഉതുപ്പായി. മക്കൾ: ലിജു, ലിനു, സിനു.
ആലീസ് തോമസിന്റെ ഭർത്താവ്: പി.എ.തോമസ്. മക്കൾ: മിഥിൻ തോമസ്, നീതു തോമസ്.
എയ്ഞ്ചലീനയുടെ ഭർത്താവ്: റോബർട്ട് കുര്യാക്കോസ്.
ചിന്നമ്മയുടെ മകളുടെ ഭർത്താവിന്റെ ഇളയമ്മയാണ് ആലീസ് തോമസ്. ശനിയാഴ്ച വിവാഹം കഴിഞ്ഞ മാർഷയുടെ സഹോദരീഭർത്താവിന്റെ അനുജന്റെ ഭാര്യയാണ് ഏയ്ഞ്ചലീന.
Content Highlights: kasaragod kanhangad-Three people died train hit
Published: 14 Sept 2024, 08:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented