കാസർകോട്: സ്വത്ത് സംബന്ധിച്ച് കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ പരിക്കേറ്റയാളെ ചികിത്സിക്കുന്നതിനിടെ ആസ്പത്രിയിലെത്തിയും മർദനം. അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് അണങ്കൂരിലെ ഷാനിബിനെതിരേ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

To advertise here,

ആക്രമണത്തിൽ പ്രതിഷേധവുമായി ഡോക്ടർമാരും ജീവനക്കാരും രംഗത്തെത്തി. അണങ്കൂർ ബെദിര സ്വദേശികളാണ് തമ്മിൽത്തല്ലി പരിക്കേറ്റ് ആസ്പത്രിയിലെത്തിയശേഷവും കൈയേറ്റം തുടർന്നത്. അക്രമികൾക്കെതിരേ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ ഒപി ബഹിഷ്‌കരണവും ഡോക്ടർമാർ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ബെദിരയിലെ തോട്ടത്തിൽവെച്ചാണ് സൈനുദീനെയും ഷിഹാബിനെയും ബന്ധുവായ ഷാനിബ് അക്രമിച്ചത്. സൈനുദ്ദീന് തലയ്ക്കും ഷിഹാബിന്റെ കൈകാലുകൾക്കും പരിക്കേറ്റിരുന്നു. തുടർന്ന് ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജനറൽ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

എന്നാൽ പിന്തുടർന്നെത്തിയ ഷാനിബ് ചികിത്സക്കിടെ ഇരുവരെയും ആക്രമിച്ചു. അത് തടയാൻ ശ്രമിച്ച ഡോക്ടർക്കുനേരെയും കൈയേറ്റശ്രമമുണ്ടായി. പിന്നീട് ആസ്പത്രിയിലെ ജീവനക്കാരും മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരുമെത്തി അക്രമികളെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ചികിത്സയ്ക്കെത്തിയവരും ആക്രമിച്ചവരും ആസ്പത്രിവിട്ടു.

സംഭവസമയം പോലീസ് എയ്ഡ് പോസ്റ്റിൽ ആരുമുണ്ടായിരുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ മോർച്ചറിയിലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

മുൻപും അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർക്കുനേരേ കൈയേറ്റ ശ്രമങ്ങളുണ്ടായപ്പോൾ പോലീസ് നിസ്സംഗരായിരുന്നുവെന്നും ജീവനക്കാർ കുറ്റപ്പെടുത്തി. എയ്ഡ് പോസ്റ്റ് മിക്കപ്പോഴും കാലിയാണെന്നും ആസ്പത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.