തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സി.പി.എം. നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഭരണസമിതി അംഗം. പ്രധാനപ്പെട്ട സി.പി.എം. നേതാക്കളെ രക്ഷിക്കാൻ ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന ആരോപണവുമായി മുൻ ഡയറക്ടർ ജോസ് ചക്രാംപിള്ളി. ആലത്തൂർ മുൻ എം.പി. പി.കെ ബിജുവിന് എല്ലാക്രമക്കേടുകളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ജോസ് ചക്രാംപിള്ളി ആരോപിച്ചു.

To advertise here,

'ഇപ്പോൾ അന്വേഷണം ശരിയായ പാതയിലാണ് മുന്നോട്ടുപോകുന്നത്, ഇതാണ് ശരിയായ അന്വേഷണം. സി.പി.എം. നേതാക്കൾ കുടുങ്ങാതിരിക്കാൻ നൂറുശതമാനം ഞങ്ങളെ ബലിയാടാക്കിയതാണ്. പി.കെ. ബിജുവും പി.കെ. ഷാജനുമായിരുന്നു അന്വേഷണ കമ്മിഷൻ. തട്ടിപ്പുകളെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടപ്പോൾ 13-05.2019-ന് ജില്ലാ സെക്രട്ടറിയെ കാര്യങ്ങൾ അറിയിച്ചിരുന്നു. അദ്ദേഹം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചു. ഏരിയാ കമ്മിറ്റി കൂടി പരിഹാരം കാണാനുള്ള തയ്യാറെടുപ്പ് ഉണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്', ജോസ് ചക്രാംപിള്ളി പറഞ്ഞു.

അതുകഴിഞ്ഞ് എന്താണ് നടന്നതെന്ന് അറിയില്ല. പിന്നീട് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെ പി.കെ. ഷാജനും പി.കെ. ബിജുവുമായിരുന്നു അന്വേഷണ കമ്മിഷൻ. അവരുടെ മുൻപിൽ എല്ലാ കാര്യങ്ങളും പറഞ്ഞു. അവർ റിപ്പോർട്ട് നൽകി എന്നാണ് തന്റെ അറിവ്. ആ റിപ്പോർട്ടിൽ എല്ലാവിധ കാര്യങ്ങളും ഉണ്ടായിരുന്നു. പി.കെ. ഷാജനുമായും ജില്ലാസെക്രട്ടറി എം.എം. വർഗീസുമായും വ്യക്തിപരമായി ബന്ധമുണ്ട്. ഇരുവരേയും കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. എന്നാൽ, നിങ്ങൾക്ക് ഒരു കുഴപ്പവും വരില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി വിശ്വസിപ്പിച്ചതെന്നും ജോസ് വെളിപ്പെടുത്തി.

2021 സെപ്റ്റംബർ 13-ന് തന്നെ അറസ്റ്റ് ചെയ്തു. അതിന്റെ തലേദിവസവും ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവുമുണ്ടാവില്ല, ജോസ് പോയ്‌ക്കോളൂവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞതിനെത്തുടർന്നാണ് താൻ തിരിച്ചുപോയത്. പിറ്റേന്ന് കാലത്ത് തന്നെ അറസ്റ്റു ചെയ്തു. തങ്ങൾക്കെതിരെയുള്ള ഏക പരാതി മിനിറ്റ്‌സ് ബുക്കിൽ ഒപ്പിട്ടു എന്നുള്ളതാണ്. ഇതിൽ ഒരു ലോൺ പോലും തങ്ങളുടെ കാലത്ത് കൊടുത്തല്ലെന്നാണ് തന്റെ അറിവെന്നും ജോസ് ചക്രാംപിള്ളി കൂട്ടിച്ചേർത്തു.