
മൊറയൂര്‍: ഒരു കുടുംബത്തിലെ രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. മൈസൂരുവിലുള്ള ഭാര്യയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസിന്റെ കുടുംബത്തിനുണ്ടായ ദുരന്തമാണ് നാടിനെ നടുക്കിയത്. അബ്ദുല്‍ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ അസീസ് (50), മക്കളായ മുഹമ്മദ് അദ്‌നാന്‍ (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്‍ഫ (25), സഹ്ദിയ സുല്‍ഫയുടെ മക്കളായ ആദം റബീഹ് (അഞ്ച്), അയ്യത്ത് (എട്ട് മാസം), അബ്ദുല്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാനിജ് (15) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അരിമ്പ്രയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച മൈസൂരു കൊപ്പയിലെ ഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്നതിനിടെ രാവിലെ എട്ടിനാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറും എതിരേ വന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാല് ആശുപത്രികളിലേക്കാണ് മാറ്റിയത്. ചികിത്സാകാര്യങ്ങള്‍ക്കും മറ്റും മൈസൂരു കെ.എം.സി.സി. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. അപകടവിവരം അറിഞ്ഞയുടന്‍തന്നെ അരിമ്പ്രയില്‍നിന്നും കൊണ്ടോട്ടിയില്‍നിന്നും വേണ്ടപ്പെട്ടവര്‍ മൈസൂരുവിലേക്ക് പുറപ്പെട്ടിരുന്നു.
അബ്ദുള്‍ അസീസിന്റെയും രേഷ്മയുടെയും മകളായ, മരിച്ച മുസ്‌കാനുല്‍ ഫിര്‍ദൗസ് അരിമ്പ്ര ജി.എം.യു.പി. സ്‌കൂള്‍ മുന്‍ വിദ്യാര്‍ഥിയാണ്. സഹോദരന്‍: സല്‍മാനുല്‍ ഫാരിസ്. ഷഹ്സാദിന്റെ മൃതദേഹം ഗുണ്ടല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലും മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെ മൃതദേഹം മൈസൂരിലെ ആശുപത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തി രാത്രി നാട്ടിലേക്ക് കൊണ്ടുവന്നു. ഷഹ്സാദിന്റെ കബറടക്കം വലിയപറമ്പ് ചാലില്‍ ജുമാ മസ്ജിദിലും മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെ കബറടക്കം പഴങ്ങരത്തൊടി ജുമാമസ്ജിദിലും നടന്നു.
പൊന്നോമന പൊലിഞ്ഞു, ഉമ്മ ഏകയായി
കൊണ്ടോട്ടി : മകനുവേണ്ടി ജീവിച്ച ഉമ്മയെ തനിച്ചാക്കി പൊന്നോമന യാത്രയായത് നാടിനെ കണ്ണീരിലാഴ്ത്തി. ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മുഹമ്മദ് ഷഹ്‌സാദിന്റെ (24) വേര്‍പാടാണ് നാടിനു നൊമ്പരമായത്.
കൊണ്ടോട്ടി തുറയ്ക്കല്‍ ചെമ്മലപ്പറമ്പ് സ്വദേശി ഫാത്തിമയുടെയും മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസിന്റെയും മകനായ ഷഹ്സാദ് ദുബായില്‍നിന്ന് പെരുന്നാള്‍ ആഘോഷത്തിനാണ് നാട്ടിലെത്തിയത്. രണ്ടുവര്‍ഷമായി ദുബായിലെ ആഡ്ലോക്ക് കമ്പനിയില്‍ സൂപ്പര്‍വൈസറായ ഷഹ്സാദ് 15 ദിവസത്തെ അവധികഴിഞ്ഞ് അഞ്ചാംതീയതിക്കു ശേഷം മടങ്ങാനിരിക്കെയാണ് ദുരന്തമെത്തിയത്. ഷഹ്സാദിന് ആറുമാസമുള്ളപ്പോള്‍ ഫാത്തിമയും അബ്ദുള്‍ അസീസും തമ്മിലുള്ള ബന്ധം പിരിഞ്ഞിരുന്നു. ചെമ്മലപ്പറമ്പിലെ സ്വന്തം വീട്ടിലേക്കുപോന്ന ഫാത്തിമ പിന്നീട് വേറെ വിവാഹംകഴിക്കാതെ മകനുവേണ്ടിയാണു ജീവിച്ചത്.
അതേസമയം, അബ്ദുള്‍ അസീസ് ഷഹ്സാദുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. അസീസിന്റെ ഭാര്യ രേഷ്മയുടെ മൈസൂരു കൊപ്പയിലെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനാണ് ഇവര്‍ പുറപ്പെട്ടത്. മറ്റു മക്കളോടും പേരക്കുട്ടികളോടുമൊപ്പം മൈസൂരുവിലേക്കുള്ള യാത്രയില്‍ അബ്ദുള്‍ അസീസാണ് ഷഹ്സാദിനെ ക്ഷണിച്ചത്. ഷഹ്സാദ് ഓടിച്ച കാറില്‍ എതിര്‍വശത്തുനിന്നുവന്ന ടെമ്പോ ട്രാവലര്‍ ഇടിക്കുകയായിരുന്നു. ഷഹ്സാദ് സംഭവസ്ഥലത്തുെവച്ചുതന്നെ മരിച്ചു.
Content Highlights: karnataka accident malappuram natives death
Published: 02 Apr 2025, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented