കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽനിന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പിൻവാങ്ങിയതിനുപിന്നാലെ മുസ്‌ലിംസംഘടനകളുടെ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം സംസ്ഥാനനേതൃത്വവും. സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ഉറപ്പുനൽകി. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ എത്തിയതെന്നാണ് ഒൗദ്യോഗിക വിശദീകരണമെങ്കിലും സ്കൂൾ സമയമാറ്റത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സന്ദർശനത്തിനു പിന്നിൽ.

To advertise here,

എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമുൻപ് കൂടിയാലോചനകൾ നടത്താറുണ്ട്. ഇപ്പോൾ അതില്ലാതെ പോവുന്നതാണ് ഇ.കെ. വിഭാഗം സമസ്തയുൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിനു കാരണമെന്നാണ് കാന്തപുരം എം.വി. ഗോവിന്ദനോടു പറഞ്ഞത്. ഏകപക്ഷീയമായ രീതി തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ചർച്ച നടത്താമെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നാണ് എം.വി. ഗോവിന്ദൻ മറുപടി നൽകിയത്.

ഒരു പ്രത്യേക സമൂഹത്തിനായി ആനുകൂല്യം നൽകാനാവില്ല. ആ സമൂഹത്തിന്റെ പേരുപറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ല, അവർ വേണമെങ്കിൽ സമയം മാറ്റട്ടെ എന്നായിരുന്നു സ്കൂൾ സമയമാറ്റത്തിൽ ഇ.കെ. വിഭാഗം സമസ്തയുടെ സമരപ്രഖ്യാപനത്തിനുപിന്നാലെ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്.

ആദ്യഘട്ടത്തിലൊന്നും സ്കൂൾ സമയമാറ്റവിഷയത്തിൽ ഇടപെടാതിരുന്ന കാന്തപുരം വിഭാഗം ഇതോടെ പ്രതികരിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഒടുവിൽ പറഞ്ഞത് മുഴുവൻ പിൻവലിച്ച് ചർച്ചയ്ക്കു തയ്യാറാണെന്ന് മന്ത്രിക്ക് പറയേണ്ടിവന്നു.

ജിഫ്രി തങ്ങൾക്ക് സർക്കാരുമായി നല്ല ബന്ധമാണുള്ളത്. വഖഫ് വിഷയത്തിലടക്കം മുസ്‌ലിംലീഗിനെ വെട്ടിലാക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഉമ്മർ െെഫസി മുക്കം ഉൾപ്പെടെ സമസ്തയിലെ ഒരുവിഭാഗം സിപിഎം അനുകൂലികളാണ്. അവരുടെ പിന്തുണ സിപിഎമ്മിന് നഷ്ടമാവും. അതിനെക്കാൾ കാന്തപുരം വിഭാഗം സിപിഎമ്മിന്റെ എക്കാലത്തെയും ഉറച്ച വോട്ടുബാങ്കുമാണ്. അതുകൊണ്ട് സ്കൂൾ സമയമാറ്റത്തിൽ മുസ്‌ലിംസംഘടനകളുമായി ഏറ്റുമുട്ടലിനു പോവുന്നത് തിരിച്ചടിയാവുമെന്നാണ് സിപിഎം വിലയിരുത്തൽ.

മലബാറിൽ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ നിർണായകമാണ്. പല സീറ്റുകളിലും വിജയം നിർണയിക്കാനുള്ള സ്വാധീനവുമുണ്ട്. ഇതാണ് ഇപ്പോൾ സിപിഎം സംസ്ഥാനസെക്രട്ടറിതന്നെ നേരിട്ട് അനുനയത്തിന് ഇറങ്ങിയതിനുപിന്നിൽ. സൂംബ വിഷയത്തിൽ ഇരുവിഭാഗം സമസ്തകൾക്കും വിയോജിപ്പുണ്ടെങ്കിലും അവരത് പരസ്യമായി പ്രകടമാക്കിയിട്ടില്ല. അതിലെ അതൃപ്തി നിലനിൽക്കുന്നതിനിടയിലാണ് സ്കൂൾ സമയമാറ്റത്തിൽ വിരട്ടൽ വേണ്ട, ചർച്ചയില്ല എന്നൊക്കെയുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം വന്നത്. സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി വൈകാതെ ചർച്ചയുണ്ടാവുമെന്നാണ് കരുതുന്നത്.