തിരുവനന്തപുരം: സർക്കാർ - ഗവർണർ പോരിന്റെ തുടർച്ചയെന്നോണമാണ് സുപ്രീം കോടതിയിൽ നിന്ന് സർക്കാരിനേറ്റ തിരിച്ചടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കണ്ണൂർ സർവകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനഃനിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വി.സി. നിയമനത്തിൽ ബാഹ്യ സമ്മർദ്ദം ഉണ്ടായി എന്ന ഗവർണറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതോടെ കണ്ണൂർ സർവകലാശാല വി.സിയെച്ചൊല്ലി ആരംഭിച്ച ഗവർണർ - സർക്കാർ പോരിനൊടുവിൽ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്തേക്ക്.

To advertise here,

കണ്ണൂർ വി.സി. ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസം പുനഃനിയമന ഉത്തരവ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറപ്പെടുവിച്ചു. 4 വർഷത്തെ കാലാവധി പൂർത്തിയാക്കിയ വി.സിക്ക് അതേ പദവിയിൽ ഗവർണർ 4 വർഷത്തേക്കു കൂടി പുനഃനിയമനം നൽകുന്നത് സംസ്ഥാനത്ത് ഇതാദ്യമായിരുന്നു. നിയമനത്തിനു പിന്നാലെ പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും പിരിച്ചുവിട്ടു. പുനഃനിയമനത്തിന് പിന്നാലെ രാഷ്ട്രീയ നിയമനമെന്ന ആരോപണവും ശക്തമായി. പ്രതിപക്ഷവും രംഗത്തെത്തി. ഇതിനൊപ്പം തന്നെയാണ് ഗവർണറുടെ തുറന്നുപറച്ചിലും ഏറെ വിവാദമാകുന്നത്. 

ഗോപിനാഥ് രവീന്ദ്രന്റെ പുനഃനിയമന ഉത്തരവിൽ ഗവർണർ ആദ്യം ഒപ്പുവെച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ആയിരുന്നു സർക്കാരും ഗവർണറും തമ്മിൽ തെറ്റുന്നത്. ഗവർണറിൽ നിന്ന് രേഖകൾ വിളിച്ചുവരുത്തണമെന്ന് അന്ന് ഹർജിക്കാർ ആവശ്യപ്പെട്ടുവെങ്കിലും ഹൈക്കോടതിയിൽ ജസ്റ്റിസ്‌ മണികുമാർ അധ്യക്ഷനായിരുന്ന ബെഞ്ച് ഇതിന് തയ്യാറായില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ രേഖകൾ സുപ്രീം കോടതിയിൽ ഹാജരാക്കി. ഗവർണർക്ക് വേണ്ടി അറ്റോണി ജനറൽ ആർ വെങ്കട്ടരമണിയായിരുന്നു ഹാജരായത്. നിയമനം തന്റെ അറിവോടെ അല്ലെന്നും ചട്ട വിരുദ്ധമാണെന്നുമുള്ള നിലപാടായിരുന്നു ഗവർണർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്'

നീതിബോധം വിട്ടു പ്രവർത്തിക്കേണ്ടിവന്നു എന്നായിരുന്ന് ഗവർണറുടെ വാക്കുകൾ. അതിൽ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. നിലവിലുള്ള വിവാദം ഒഴിവാക്കാനായിരുന്നു പുനഃനിയമനം നൽകിയത്. പുനഃനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താൻ താൻ ആവത് ശ്രമിച്ചു. ഈ നിയമനം നിയമവിരുദ്ധമെന്ന് അറിയാമായിരുന്നു. എന്നാൽ, സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലാതിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടത്- ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. കത്ത് പുറത്തുവന്നതോടെയാണ് രാഷ്ട്രീയ നിയമന ചർച്ചകൾ കൊഴുത്തത്. 

ഇതിനിടെ പ്രോ ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു , ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ കത്തും പുറത്തുവന്നു. പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ വിജ്ഞാപനപ്രകാരം നടക്കുന്ന നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിലാണ് ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നൽകണമെന്ന നിർദേശം കൂടി വെക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രിയുടെ ദൂതൻ എത്തി തന്നെ കണ്ട് പുനഃനിയമനത്തിനാവശ്യപ്പെട്ട കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

വിവാദം കൊഴുക്കുന്നതിനിടെയാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് ഗവർണർ രംഗത്തെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെഴുതിയെങ്കിലും മുഖ്യമന്ത്രി ഗവർണറെ അനുനയിപ്പിച്ച് ചാൻസലർ സ്ഥാനത്ത് തന്നെ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ കണ്ണൂർ സർവകലാശാലയിൽ ഉണ്ടായ ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയവും ഗവർണർ ഗോപിനാഥ് രവീന്ദ്രനെതിരേ ഉയർത്തി. ചരിത്ര കോൺഗ്രസിൽ ഉദ്ഘാടന വേദിയിൽ ഉയർന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വൈസ് ചാൻസലർ കൂടിയായിരുന്ന ഗോപിനാഥ് രവീന്ദ്രനെതിരേ ഗവർണർ രംഗത്തെത്തിയത്.

ചാൻസലർ സ്ഥാനത്ത് തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ ഗവർണർ സർക്കാരിനെതിരെ കടുത്തപോരുമായി രംഗത്തെത്തി. സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വി.സിമാരെ ഒറ്റയടിക്ക് മാറ്റാൻ വേണ്ടിയുള്ള ഉത്തരവായിരുന്നു ഗവർണർ പുറപ്പെടുവിച്ചത്. ഇത്തരത്തിൽ ഒരു സംഭവം സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു. യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്കെതിരായ കോടതി വിധിയുടെ മറപിടിച്ചായിരുന്നു ഗവർണർ അസാധാരണമായ നടപടി എടുത്തത്. കണ്ണൂർ സർവകലാശാല വി.സിയും ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കേസ് ഹൈക്കോടതിയുടെ മുമ്പിലുള്ളതിനാൽ 'രാജിവെക്കില്ല, പുറത്താക്കട്ടെ' എന്ന നിലപാടായിരുന്നു അന്ന് കണ്ണൂർ വി.സി. ഗോപിനാഥ് രവീന്ദ്രൻ നിലപാട് എടുത്തിരുന്നത്. 

വലിയ തോതിൽ സർക്കാർ ഗവർണർ പോരിലേക്ക് നീങ്ങിയ ഘട്ടത്തിൽ സർക്കാർ ഗവർണർക്കെതിരേ വടിയെടുത്തു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ വേണ്ടിയുള്ള നീക്കം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു. എന്നാൽ നിയമസഭ കടന്നബില്ല് ഗവർണറുടെ ചേംബറിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല സർക്കാരിനെതിരേയുള്ള പോര് കടുപ്പിക്കുക കൂടി ചെയ്തു. തുടർന്ന് സർക്കാരിന്റെ പല ബില്ലുകളും ഒപ്പിടാതെ പിടിച്ചു വെക്കുന്നതിലേക്ക് നീങ്ങി. ഇതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിലായി. തുടർന്ന് കോടതി വഴി നിയമപോരാട്ടത്തിലേക്ക്.

ഇന്ന് സുപ്രീം കോടതിയുടെ ഉത്തരവിന് ആധാരമായിരിക്കുന്നതും ഗവർണറുടെ വെളിപ്പെടുത്തലുകളായിരുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രനുമായി ബന്ധപ്പെട്ട നിയമന ഉത്തരവിന് പിന്നിൽ ബാഹ്യ സമ്മർദ്ദം ഉണ്ടായിരുന്നു എന്നായിരുന്നു സുപ്രീം കോടിതിയിൽ ഗവർണർ വ്യക്തമാക്കിയത്. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയാണ് താൻ ഉത്തരവിൽ ഒപ്പുവെച്ചതെന്നും ഗവർണർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട്, വൈസ് ചാൻസലർ നിയമനത്തിൽ അത്തരം ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ല എന്നാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഗവർണർ തന്നെ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന കത്തും അതുമായി ബന്ധപ്പെട്ടു വന്ന മാധ്യമ വാർത്തകളും ഉദ്ധരിച്ചു കൊണ്ടാണ് സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിലപാട് സ്വീകരിച്ചത്.

അതേസമയം, സർക്കാരിന്റ ഭാഗത്തുനിന്ന് ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് ഗവർണർ ആവർത്തിച്ചു പറയുമ്പോൾ തന്നെ ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചു എന്നതിനേയും ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. ഫലത്തില്‍ വിധി ഗവര്‍ണര്‍ക്കും തിരിച്ചടിയായി മാറുന്നു