
കണ്ണൂർ: കണ്ണൂർ സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ അഭിമുഖം വിവാദത്തിൽ. അഭിമുഖത്തിൽ പങ്കെടുപ്പിക്കാൻ നിശ്ചിതയോഗ്യതയില്ലാത്തയാളെ നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചാൻസലർക്ക് പരാതി നൽകിയിരിക്കുകയാണ്. അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഒരാളാണ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയത്.
അപേക്ഷകരിൽനിന്ന് സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് മൂന്നുപേരെ ക്ഷണിച്ചതിൽ രണ്ടുപേരാണ് ജൂൺ 20-ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. റാങ്ക്‌പട്ടികയും തയ്യാറാക്കി. അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഒരാൾ ഫിഷറീസ് സർവകലാശാലയിൽ ഫിസിക്കൽ എജുക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മറ്റേയാൾ കണ്ണൂർ സർവകലാശാലയിൽ അധ്യാപകേതര തസ്തികയിൽ ജോലിചെയ്യുകയാണ്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം കിട്ടാൻ അസിസ്റ്റന്റ് പ്രൊഫസറായി എട്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. കണ്ണൂർ സർവകലാശാലയിൽനിന്ന് അഭിമുഖത്തിൽ പങ്കെടുത്തയാൾക്ക് സർക്കാർ കോളജിലെ ആറുവർഷത്തെ അധ്യാപനപരിചയവും സർവകലാശാല പഠനവകുപ്പിൽ 2009 മുതൽ 2012 വരെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത പരിചയവുമാണുള്ളത്. ഈ ഗസ്റ്റ് അധ്യാപക കാലയളവുകൂടി പരിഗണിച്ചാണ് യോഗ്യത കണക്കാക്കിയത്. യു.ജി.സി. റെഗുലേഷൻ പ്രകാരം ഗസ്റ്റ് ലക്ചററായുള്ള പ്രവൃത്തിപരിചയം യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥി ഗവർണർ, ഉന്നതവിദ്യാഭ്യാസമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയത്. യോഗ്യതയില്ലാത്തയാളെ അഭിമുഖത്തിൽ പോലും പങ്കെടുപ്പിക്കാൻ പാടില്ലായിരുന്നുവെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ സർവകലാശയിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി നിയമനാംഗീകാരത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി റാങ്ക്‌പട്ടിക അവതരിപ്പിച്ചിരുന്നു. എന്നാൽ അക്കാര്യം പരിശോധിച്ച് തീരുമാനിക്കാമെന്ന് യു.ഡി.എഫ്. അനുകൂല സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചതിനാൽ തുടർനടപടികളുണ്ടായില്ല. യോഗത്തിന്റെ മിനിറ്റ്‌സിലും അക്കാര്യം രേഖപ്പെടുത്തിയില്ല. ശനിയാഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ റാങ്ക്‌പട്ടിക അവതരിപ്പിക്കാനാണ് സാധ്യത.
Content Highlights: Allegations of ineligible candidate selection for Associate Professor role., Complaint filed with the Chancellor regarding UGC regulation violations., Controversy over counting guest lecturer experience as teaching service., Syndicate meeting scheduled to discuss the rank list., UDF syndicate members demand scrutiny of the recruitment process.
Published: 01 Aug 2026, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented