കണ്ണൂർ: കണ്ണൂരിൽ യുവാവിന്റെ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ ഉത്തരവിട്ട് കോടതി. ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹമാണ് പുറത്തെടുക്കുക. ചികിത്സാപ്പിഴവിനെ തുടർന്നാണ് ഷാനവാസ് മരിച്ചതെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണിത്. ചൊവ്വാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും.
ബെംഗളൂരുവിൽ മരുന്ന് വിതരണ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു ഷാനവാസ്. ഇതിനിടെ ഒരു ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ബെംഗളൂരിവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടയിൽ പിഴവ് സംഭവിച്ചുവെന്നും ഇതിനെ തുടർന്നാണ് ഷാനവാസ് മരിച്ചതെന്നും കുടുംബം ആരോപിച്ചു. കർണാടകയിലെ വി.വി പുരം പോലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് ഭാര്യ പരാതി നൽകിയത്.
സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിരുന്നെങ്കിലും അവഗണിച്ചതായി ഭാര്യ ആരോപിച്ചു. മരണത്തിന് പിന്നാലെ ഷാനവാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് കബറടക്കിയിരുന്നു. എന്നാൽ, ഭാര്യ നിയമനടപടികളുമായി മുന്നോട്ട് പോയതിനെ തുടർന്നാണ് കർണാടക പോലീസ് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. കർണാടക പോലീസ് കേരള പോലീസുമായും റവന്യൂ അധികൃതരുമായും ബന്ധപ്പെട്ട് ആവശ്യം മുന്നോട്ടുവെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് പോസ്റ്റുമോർട്ടത്തിന് ഉത്തരവിട്ടു.
വാർഡിൽവന്ന് മൊബൈൽ ടോർച്ചിന്റെ വെട്ടത്തിലാണ് ഡോക്ടർ ശസത്രക്രിയ നടത്തിയതെന്നും യാതൊരു സൗകര്യങ്ങളും ചെയ്യാതെ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും ഭാര്യ ആരോപിച്ചു. ഇതിന്റെ തെളിവുകളെല്ലാം തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും ഷാനവാസിന്റെ ഭാര്യ പറഞ്ഞു.
Content Highlights: Court-ordered exhumation of Shanavas's body for post-mortem., Allegations of medical negligence at Victoria Hospital, Bengaluru., Wife claims surgery was performed under inadequate lighting., Karnataka Police coordinating with Kerala authorities for investigation.
Published: 06 Jul 2026, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented