
ഇ.പി. ജയരാജന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈയില്‍നിന്ന് പൊട്ടിയത് ബോംബ് അല്ല പടക്കമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. നിര്‍മിക്കാന്‍ പാടില്ലാത്തതാണെങ്കിലും ക്രിസ്മസ്, പുതുവര്‍ഷം പോലുള്ള വിശേഷാവസരങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ സ്വമേധയാ പടക്കം ഉണ്ടാക്കാറുണ്ട്. അത്തരത്തില്‍ ചരടുകൊണ്ട് കെട്ടിയുണ്ടാക്കിയ പടക്കമാണത്. കെട്ട് മുറുകിയാല്‍ പൊട്ടും. പരിചയമുള്ളവരല്ലെങ്കില്‍ അപകടമുണ്ടാകും. അങ്ങനെയുള്ള അപകടമാണ് ഉണ്ടായത്. അതിനെ ബോംബാണ്, കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നൊക്കെ വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കരുത്-കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമുണ്ട്. അത് ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അതാണ് സിപിഎം നിലപാട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണ സംഘര്‍ഷം വളരെ കുറവായിരുന്നു. അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമാണ് ചെറിയ സംഭവങ്ങളുണ്ടായത്-അദ്ദേഹം പറഞ്ഞു.
നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വാളുമെടുത്ത് നടന്നവനെ പോലീസ് പിടിച്ചില്ലേ. അതാണ് പോലീസിന്റെ ഉത്തരവാദിത്വം. പിണറായിയില്‍ ചൊവ്വാഴ്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകനായ വിപിന്‍രാജിന്റെ കൈപ്പത്തി തകര്‍ന്നിരുന്നു. പടക്കം പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ എഫ്ഐആര്‍. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യംചെയ്തെന്ന കുറ്റംചുമത്തി വിപിന്‍രാജിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.
പോറ്റിയേ...പാട്ട് കേട്ടിട്ടില്ല
'പോറ്റിയെ കേറ്റിയേ' എന്ന പാരഡിഗാനം കേട്ടിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പരാതികൊടുത്ത സ്ഥിതിക്ക് ഡിജിപി പരിശോധിക്കട്ടെ. എന്തെല്ലാം കണ്ടും കേട്ടും അനുഭവിച്ചുമാണ് ഞങ്ങളൊക്കെ വളര്‍ന്നത്. ഒരു പാട്ടില്‍ കലങ്ങിപ്പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം-ഇ.പി. പറഞ്ഞു.
Content Highlights: EP Jayarajan clarifies incident in Kannur where a CPM worker was injured, stating it was a firecracker, not a bomb. Emphasizes peace and clarifies political stance.
Published: 18 Dec 2025, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented