കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.
ശനിയാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും. ആദ്യം ഇടപ്പഴിഞ്ഞിയിലെ വസതിയിലും ഉച്ചയ്ക്ക് രണ്ട് വരെ പി.എസ്.സ്മാരകത്തിലും പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വാഴൂരിലെ വീട്ടില്‍ ഞായറാഴ്ചയാണ് സംസ്‌കാരം.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.
2015 മുതലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു.
1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. കേരളാകോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും പി.ടി. ചാക്കോയുടെ ജന്‍മദേശവുമായ വാഴൂരിലെ കാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പര്യായമായി അടയാളപ്പെടുത്തിയ രാജേന്ദ്രന്‍ കാനം കൊച്ചുപുരയിടത്തില്‍ വി.കെ.പരമേശ്വരന്‍ നായരുടെയും ടി.കെ.ചെല്ലമ്മയുടെയും മകനാണ്.വാഴൂര്‍ ശ്രീവിദ്യാധിരാജ എന്‍.എസ്.എസ്. കോളേജില്‍ പഠിക്കുമ്പോഴാണ് 1968-ല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.
20-ാം വയസില്‍ എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറിയായി. പിന്നീട് ദേശീയ വൈസ് പ്രസിഡന്റും. 1971ല്‍ 21-ാം വയസ്സില്‍ സിപിഐ സംസ്ഥാനകൗണ്‍സിലില്‍ എത്തി. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.
എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കാനത്തിന്റെ പോരാട്ടവീര്യം എ.ഐ.ടി.യു.സി.യിലൂടെയും കേരളം കണ്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സംഘടനയെ ഇന്ത്യയിലെ കരുത്തുള്ള ഘടകമാക്കിമാറ്റി. സിനിമ, ഐ.ടി., പുതുതലമുറ ബാങ്കുകള്‍ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളില്‍ ഘടകങ്ങളുണ്ടാക്കി.
ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.
കാനത്തിന്റെ മൃതദേഹവുമായി വിലാപയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും
തിരുവനന്തപുരം
മണ്ണന്തല- 2.30 PM
വട്ടപ്പാറ- 2.45 PM
കന്യാകുളങ്ങര- 3 PM
വെമ്പായം- 3.15 PM
വെഞ്ഞാറമ്മൂട്- 3.30 PM
കാരേറ്റ്- 3.45 PM
കിളിമാനൂര്‍- 4 PM
കൊല്ലം
നിലമേല്‍- 4.15 PM
ചടയമംഗലം- 4.30 PM
ആയൂര്‍- 4.45 PM
കൊട്ടാരക്കര- 5.15 PM
പത്തനംതിട്ട
അടൂര്‍- 5.45 PM
പന്തളം- 6.15 PM
ആലപ്പുഴ
ചെങ്ങന്നൂര്‍- 6.45 PM
പത്തനംതിട്ട
തിരുവല്ല- 7.15 PM
കോട്ടയം
ചങ്ങനാശ്ശേരി- 8 PM
കുറിച്ചി- 8.15 PM
ചിങ്ങവനം- 8.30 PM
നാട്ടകം- 8.45 PM
കോട്ടയം ജില്ലാകമ്മിറ്റി ഓഫീസ്- 9 PM
കാനം (വസതി)- 11 PM
Content Highlights: kanam rajendran passes away
Published: 08 Dec 2023, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented