കോഴിക്കോട്: പിണറായി സർക്കാരിന്റെ കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

വീണയുടെ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനേയും മുഹമ്മദ് റിയാസിനേയും എങ്ങനെ പ്രതിയാക്കാമെന്ന് ഇഡി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിക്കുന്ന രീതിയെപ്പറ്റിയും പാർട്ടി അന്വേഷിക്കുമെന്നും തെറ്റായ ഒരു പ്രവണതയ്ക്കും അംഗീകാരം നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വി.ഡി. സതീശൻ സർക്കാരിന്റെ ഭരണം കേരളത്തെ തകർക്കുന്നു. പത്തുവർഷം ഇല്ലാതിരുന്ന ലോഡ് ഷെഡ്ഡിങ് യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ ഉണ്ടായി. വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ സിപിഎം സംഘടിപ്പിക്കും. കേരളത്തിൽ രാഷ്ട്രീയ സമവാക്യം മാറുകയാണ്. നേരത്തെ എൽഡിഎഫ്-യുഡിഎഫ് എന്നായിരുന്നു. എന്നാൽ ഇത്തവണ ബിജെപി മൂന്ന് സീറ്റ് നേടി.

വീണയുമായി ബന്ധപ്പെട്ട കേസുമായി ചേർത്ത് പിണറായി വിജയനേയും റിയാസിനേയും എങ്ങനെയാണ് പ്രതിയാക്കാനാകുക എന്ന് ഗവേഷണപരമായി ഇഡി പഠിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളിൽ നല്ലൊരു വിഭാഗം ഇഡിയുമായി ചേർന്ന് ഓരോദിവസവും പുതിയപുതിയ കാര്യങ്ങൾ പുറത്തുവരുന്നുവെന്ന വ്യാജേന കള്ളപ്രചാര വേലകൾ നടത്തിക്കൊണ്ടിരിക്കുന്നു. പിണറായിയേയും റിയാസിനേയും പ്രതിയാക്കാൻ ബോധപൂർവ്വമായ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇല്ലാക്കഥകൾ ഉണ്ടാക്കുകയാണ്.

റെയ്ഡിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുകയാണ്. ‘നിന്റെ മകളുടെ ജീവിതം അപകടത്തിലാക്കും. നിന്നെ കൽത്തുറങ്കിൽ നിന്ന് പുറത്തേക്കിറക്കില്ല. ആരാന്റെ മോളെ രക്ഷപ്പെടുത്താൻ നിന്റെ മോളെ ശിക്ഷിക്കണോ’ എന്നൊക്കെ പറഞ്ഞാണ് വലിയ രീതിയിലുള്ള രക്ഷാവലയം തീർത്ത് പോലീസുകാരെയും പട്ടാളക്കാരെയും അമ്മയേയും അച്ഛനേയും ചോദ്യംചെയ്യുന്നത്. ഇതൊക്കെയാണ് റെയ്ഡിന്റെ ഭാഗമായി നടന്നത്. എന്നിട്ട് എന്തൊക്കെയോ എഴുതി വാങ്ങുക. ഹവാല പണത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ് എന്ന് തെളിവ് സഹിതം പറയുക എന്ന വ്യാജേന കള്ളപ്രചരണം നടത്തുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഇഡിയുടെ കടന്നാക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പാർട്ടിയേയും പാർട്ടി നേതാക്കളേയും കടന്നാക്രമിക്കുന്ന നിലപാടിനെതിരേ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും, എം.വി. ഗോവിന്ദൻ പറഞ്ഞു.

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ വലിയരീതിയിലുള്ള കടന്നാക്രമണങ്ങൾ പാർട്ടി അഭിമുഖീകരിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും ഭരണവർഗ പ്രസ്ഥാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നത് ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രക്ഷയില്ല എന്നായിരുന്നു. നൂറുവർഷത്തേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവരില്ല എന്ന് എ.കെ. ആന്റണി പറഞ്ഞു. ഇപ്പോഴും ചില ആളുകൾ അതേപോലുള്ള പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

കഴിഞ്ഞ പത്തുവർഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്തിന് മാതൃകയാകുന്ന രീതിയിൽ ഒരു പുതിയ കേരളം മുന്നോട്ട് നയിച്ചു. അതിനെയാണ് ‘കേരള മോഡൽ’ എന്ന് അമൃത്യാ സെൻ വിളിച്ചത്.

ലോകചരിത്രത്തിൽ അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യത്തെ നാടായി കേരളത്തെ മാറ്റി. ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് തൊഴിൽ തേടിയെത്തി. അതിന് പ്രാപ്തമാക്കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലപ്രദമായ ഇടപെടലാണ്.

കേരളത്തെ തകർക്കാൻവേണ്ടിയുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് മൂന്നുമാസംപോലുമാകാത്ത വി.ഡി. സതീശൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. കടലും തീരപ്രദേശങ്ങളും കരിമണലുമെല്ലാം കുത്തക മുതലാളിമാർക്ക് തീറെഴുതാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തകർക്കാൻ തീരുമാനിച്ചിരിക്കുന്നു. സ്വകാര്യവത്കരണത്തിന്റെ വക്താക്കളായി പണം സമ്പാദിക്കാനുള്ള പുതിയ തലത്തിലേക്ക് കാര്യങ്ങൾ മാറുകയാണ്.

കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ ജനങ്ങൾ ലോഡ് ഷെഡ്ഡിങ് അനുഭവിച്ചിട്ടില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾ കഴിയുമ്പോൾ ലോഡ് ഷെഡ്ഡിങ് ആയി. നാടിന്റെ ഭാവിയെ ഏതെങ്കിലും രീതിയിൽ അഭിസംബോധന ചെയ്യുന്ന നിലപാട് അവർ സ്വീകരിക്കുന്നില്ല. ഇടതുപക്ഷ സർക്കാർ തീരുമാനിച്ച സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. കേരളം അപകടകരമായ രാഷ്ട്രീയ പശ്ചാത്തലത്തെയാണ് അഭിമുഖീകരിക്കുന്നത്”, എം.വി. ഗോവിന്ദൻ പറഞ്ഞു.

ആയിരങ്ങളെ അണിനിരത്തിക്കൊണ്ടായിരുന്നു കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിന്റെ ബഹുജന സമ്മേളനം. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു.