കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ തന്റെ ഭാഗത്ത്‌നിന്ന് നിയമവിരുദ്ധമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സ്ഥാനം നഷ്ടമായ മുൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ. കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയോ മറ്റാരെങ്കിലുമോ ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് താൻ ഇക്കാര്യം തുറന്ന് പറയുന്നത്. ഇക്കാര്യം പറയാൻ എനിക്ക് മറ്റൊരു വേദി കിട്ടില്ലെന്നും അതുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

To advertise here,

'കേസ് തുടങ്ങിയത് മുതൽ ഇതുവരെ പുറത്ത് നിന്ന് എന്നോട് ഇതിനായി ആരും സംസാരിച്ചിട്ടില്ല. അത്തരമൊരു ഇടപെടലും നടത്തിയിട്ടില്ല. ഇത് പറയാൻ തനിക്ക് മറ്റൊരു വേദി കിട്ടാത്തതുകൊണ്ടാണ് പ്രതികരിക്കുന്നത്. ജഡ്ജിയോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയോ ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് എന്നെ വിളിച്ചിട്ടില്ല. ഇത് സത്യമാണ്. സോഷ്യൽമീഡിയയിൽ ആക്ടീവായ ആളല്ല ഞാൻ' അദ്ദേഹം പറഞ്ഞു.

ഇനി അങ്ങനെ നിയമവിരുദ്ധമായി എന്തെങ്കിലും ആവശ്യങ്ങൾക്കായി ആരെങ്കിലും വിളിച്ചാൽ തന്നെ അതിന് വഴങ്ങുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ജീവനക്കാരൻ ആയതിനാൽ ട്രാൻസ്ഫർ ജീവിതത്തിന്റെ ഭാഗമാണ്. അതിൽ വിഷമമില്ലെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

ചേരാനല്ലൂർ അപകടത്തിൽ കേസെടുക്കുന്നതിലും വകുപ്പുകൾ ചേർക്കുന്നതിലും പോലീസിനുണ്ടായ വീഴ്ചയെത്തുടർന്നാണ് കാളിരാജ് മഹേഷ്കുമാറിനെ ആഭ്യന്തര വകുപ്പ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമായിരുന്നു നടപടി. ദക്ഷിണ മേഖലാ ഐ.ജി.യായിരുന്ന ആർ. നിശാന്തിനിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.