കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പ് കുരിശുപള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ സംരക്ഷണ വേലിയിലെ സിമന്റ് പോസ്റ്റിലിടിച്ച് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു. മേരികുളം നിരപ്പേക്കട ആരംപുളിക്കൽ സാനിഫ് സലീം (19), ആലടി തോണിത്തടി വരിക്കയാനിക്കൽ നോയൽ അനീഷ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 1.20 ഓടെയായിരുന്നു സംഭവം നടന്നത്. ലബ്ബക്കട ജെ.പി.എം. കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവർ.
ആലടിയിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സാനിഫ് സലീമിന്റെ ബൈക്ക് ഓടിച്ചിരുന്നത് നോയൽ അനീഷായിരുന്നു. പരപ്പ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ മറിഞ്ഞ് കുറച്ചു ദൂരം നിരങ്ങിപ്പോയി സംരക്ഷണ വേലിയുടെ സിമന്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ സമീപത്തെ ലോഡ്ജിലെയും നൈറ്റ് കടയിലെയും ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തൊട്ടടുത്ത് പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും രണ്ടാമത്തെയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഉപ്പുതറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Published: 30 Oct 2026, 10:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented