കോഴിക്കോട്:  ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.  കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു

To advertise here,

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ്  ജനഹൃദയങ്ങള്‍ കീഴടക്കിയത്.  ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു.  500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 'തകരച്ചെണ്ട'യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. പിന്നീട് 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. പിന്നീടിങ്ങോട്ട് കലിംഗ ശശി മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമായി. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ.

തിരുത്താത്ത 'തിരക്കഥ', വീട്ടുകാരുടെ ശശി സിനിമയില്‍ കലിംഗ ശശിയായി

ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയില്‍ നായകനുമായി. കേരളാകഫേ,പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു  തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

Content Highlight: Kalinga Sasi passed away