കാളികാവ്: കാളികാവില്‍ പന്നി ഹോട്ടലില്‍ കയറി. നല്ല ആള്‍ത്തിരക്കുള്ളപ്പോഴാണ് ഒരു കൂസലുമില്ലാതെ പന്നി കാളികാവ് വണ്ടൂര്‍ റോഡിലുളള ചായ് ബാറില്‍ കയറിയത്. റോഡ് മുറിച്ച് കടന്നുവരുമ്പോള്‍ത്തന്നെ ആളുകള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പന്നി അതൊന്നും വകവെച്ചില്ല. ആരെയും ഉപദ്രവിക്കാതെ പന്നി ആളുകള്‍ ചായ കുടിക്കുന്ന സ്ഥലം വരെയെത്തി. പന്നിയെ ഓടിക്കാന്‍ ആളുകള്‍ നന്നായി പ്രയാസപ്പെട്ടു. ഇതുവരെ കൃഷിയിടങ്ങളില്‍ മാത്രം തമ്പടിച്ചിരുന്ന പന്നി പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങാന്‍ തുടങ്ങി.

To advertise here,

തിരക്കിലേക്ക് പന്നി കടന്നുവന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വന്യജീവിശല്യംകൊണ്ട് പൊറുതിമുട്ടിയ മലയോരനിവാസികള്‍ക്ക് പന്നിപ്പെരുപ്പം വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. വീടുകള്‍ക്കു ചുറ്റും പന്നികളുണ്ട്. പകല്‍ പോലും പന്നികളുടെ സാന്നിധ്യം ഉള്ളതിനാല്‍ ആളുകള്‍ പേടിയോടെയാണ് പുറത്തിറങ്ങുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വെടിവെക്കാന്‍ അനുമതി നല്‍കാന്‍ കഴിയുമെങ്കിലും നടപടി വൈകുന്നുണ്ട്. പലയിടങ്ങളിലും പന്നി വാഹനങ്ങളെയും ആളുകളെയും അക്രമിക്കുന്നുണ്ട്. നടപടി വേഗത്തിലാക്കി പന്നികളെ പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് മലയോര കര്‍ഷകരും നാട്ടുകാരും പറയുന്നത്.