കൊച്ചി: ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ച് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. എല്ലാ വിഭാഗവും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ മുടങ്ങിക്കിടന്ന ചികിത്സകള്‍ പുനഃരാരംഭിക്കാന്‍ നിരവധി പേര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിതുടങ്ങി. 

To advertise here,

സെപ്റ്റംബര്‍ മാസം കാര്‍ഡിയോളജി വിഭാഗത്തില്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയടക്കമുള്ള ചികിത്സകള്‍ ലഭ്യമാക്കിയിരുന്നു. ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ഗുണഭോക്താക്കളായ 16 പേര്‍ക്ക് കോറോണറി ആന്‍ജിയോഗ്രാം, കാരുണ്യ ബനവലന്റ് ഫണ്ട് (കെബിഎഫ്) ഗുണഭോക്താക്കളായ 6 പേര്‍ക്കും മറ്റു 11 പേര്‍ക്കും കോറോണറി ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. കോവിഡ് ചികിത്സയും മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സയും പ്രത്യേകമാണ് നടത്തുന്നത്. അതിനാല്‍ കോവിഡ് ഭയം വേണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ഏപ്രിലില്‍ ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്നതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെ പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഐസിയു, ഓക്സിജന്‍ സൗകര്യം ആവശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. തുടര്‍ച്ചയായ ദിവസങ്ങളില്‍ നാലായിരത്തിന് മുകളിലായിരുന്നു രോഗബാധിതരുടെ എണ്ണം.