കാക്കനാട്: സ്റ്റാഫ് റൂം ഒരു ക്ലാസാക്കി മാറ്റിയതോടെ അധ്യാപകര്‍ സ്‌കൂള്‍ വരാന്തയില്‍. ഓഡിറ്റോറിയം മൂന്ന് ക്ലാസ് റൂമുകളായതോടെ വിവിധ പരിപാടികള്‍ പുറത്തായി. കംപ്യൂട്ടര്‍ ലാബുകളില്‍ രണ്ട് ക്ലാസുകള്‍ തുറന്നതോടെ മുറികള്‍ മാറി മാറി വിദ്യാര്‍ഥികളും നെട്ടോട്ടത്തിലായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാക്കനാട് തെങ്ങോട് ഗവ. ഹൈസ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ പഠിക്കാനും അധ്യാപകര്‍ പഠിപ്പിക്കാനുമായി 'കസേരകളി' നടത്തുന്നത്. ശക്തമായ മഴയില്‍ സ്‌കൂളിലെ ഒരുഭാഗത്തെ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീണതോടെയാണ് ക്ലാസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയത്.
ഒന്നുമുതല്‍ ആറു വരെയുള്ള ക്ലാസുകളിലായി 125 വിദ്യാര്‍ഥികളും ഒരു ലാബും ലൈബ്രറിയുമാണ് ഈ ഭാഗത്തെ രണ്ടുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചത്. എല്ലാ മഴക്കാലത്തും ഇവിടെ മണ്ണിടിച്ചില്‍ പതിവാണെങ്കിലും ഇത്തവണ കെട്ടിടത്തിനടുത്തുള്ള ഗ്രൗണ്ടിന്റെ ഭാഗം വീണ്ടും ഇടിയാനുള്ള സാധ്യതയും ഇതുമൂലം കെട്ടിടത്തിന് അപകടം സംഭവിച്ചേക്കാമെന്ന ആശങ്കയും വര്‍ധിച്ചതാണ് ക്ലാസുകള്‍ മാറ്റാന്‍ കാരണം.
മണ്ണിടിച്ചില്‍ ഭീഷണിയുള്ള ഭാഗത്ത് സുരക്ഷാ ഭിത്തി നിര്‍മിച്ചാല്‍ മാത്രമേ പഴയപോലെ ഇത്രയും ക്ലാസ്‌റൂമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. ഭിത്തി നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അളന്നുപോയതല്ലാതെ തുടര്‍ നടപടി വൈകുകയാണെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതി.
കെട്ടിടത്തിന്റെ പുറകുവശത്ത് എട്ടടിയോളം വിസ്തൃതിയില്‍ 30 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്വകാര്യവ്യക്തി അനധികൃതമായി മണ്ണെടുത്തതാണ് സ്‌കൂളിന് ഭീഷണിയായത്.
നഗരസഭ കനിയണം
അധ്യാപകര്‍ക്ക് അകത്ത് ഇരിപ്പിടം തിരികെ ലഭിക്കണമെങ്കില്‍ തൃക്കാക്കര നഗരസഭ കനിയണം. ഓപ്പണ്‍ സ്റ്റേജ്, ക്ലാസാക്കി മാറ്റാനായി വൈദ്യുത ജോലികള്‍ നഗരസഭ ചെയ്യാത്തതാണ് അധ്യാപകരെ ദുരിതത്തിലാക്കുന്നത്. ഉടന്‍ ചെയ്യാമെന്ന് അധികൃതര്‍ മറുപടി പറയുന്നതല്ലാതെ വേഗത്തിലാക്കുന്നില്ലെന്നാണ് ആക്ഷേപം.
Content Highlights: Kakkanad Govt. High School faces classroom crisis after landslide
Published: 18 Jul 2025, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented