കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മ​ഹത്യയെന്ന് സംശയം. രണ്ടുപേരെ ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു അമ്മയുടെ മൃതദേഹം. പോലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു അമ്മയും മരിച്ചതായി കണ്ടെത്തിയത്.

To advertise here,

കുറച്ച് ദിവസങ്ങളായി  മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം ജോലിയിൽ പ്രവേശിക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.  ഫോണിൽ കിട്ടാതായതോടെ ഓഫീസിലെ ഉദ്യോ​ഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർ​ഗന്ധം വീടിനകത്തുനിന്ന് വമിക്കുന്നുണ്ടായിരുന്നു. 

ഇവർ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടേയും മൃതദേ​ഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവർ ഇക്കാര്യം തൃക്കാക്കര പോലീസിൽ അറിയിച്ചു. 

മൃതദേഹങ്ങൾക്ക് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)