
കടലുണ്ടി: കാടുകടന്ന്, മലകടന്ന്, കടല്‍ക്കടന്ന് അറബിക്കടലിന്റെ തീരത്തായി പരന്നുകിടക്കുന്ന കടലുണ്ടി പക്ഷിസങ്കേതത്തില്‍ പറന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ വരവില്‍ ഗണ്യമായ കുറവ്. ഏഷ്യന്‍ വന്‍കരകളിലെ കൊടുംതണുപ്പില്‍നിന്നും ഭക്ഷണദൗര്‍ലഭ്യത്തില്‍നിന്നും രക്ഷനേടുന്നതിനായാണ് ദേശാടനപ്പക്ഷികള്‍ കൂട്ടമായി കടലുണ്ടിയിലെത്തിയിരുന്നത്. എന്നാല്‍, കാലാവസ്ഥയിലെ വ്യതിയാനവും കടലുണ്ടിയിലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവുമാണ് വിരുന്നുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവിന് കാരണമായിപ്പറയുന്നത്. സെപ്റ്റംബര്‍മുതലാണ് കാലാകാലമായി ദേശാടനപ്പക്ഷികള്‍ ഇവിടെയെത്താറ്. എന്നാലിപ്പോള്‍ വിരലിലെണ്ണാവുന്ന പക്ഷികള്‍ മാത്രമാണുള്ളത്.
അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ത്തിട്ടകള്‍ കടലുണ്ടിപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കടലില്‍നിന്ന് പ്രജനനത്തിനായി പുഴയിലേക്കെത്തിയിരുന്ന മത്സ്യങ്ങളിലും കുറവുണ്ടായി. നക്ഷത്രക്കണ്ടലിന്റെ വ്യാപനം പക്ഷികളുടെ തീറ്റപ്പാടത്തെ ബാധിച്ചതായി പക്ഷിനിരീക്ഷകനായ വിജേഷ് വള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നു. കടലുണ്ടിപ്പുഴയിലൂടെയൊഴുകിയെത്തുന്ന മാലിന്യം കണ്ടല്‍വനമേഖലയില്‍ അടിഞ്ഞുകൂടുമ്പോള്‍ പരുന്തും, കാക്കയുമുള്‍പ്പെടെയുള്ള പക്ഷികളെത്തുന്നതും ദേശാടനപ്പക്ഷികളുടെ സൈ്വരജിവിതത്തെ ബാധിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരുകാലത്ത് കടലുണ്ടിപ്പുഴയില്‍ വ്യാപകമായരീതിയില്‍ തൊണ്ട് പൂഴ്ത്തലുണ്ടായിരുന്നു. ഇവ ചീഞ്ഞുതുടങ്ങുമ്പോള്‍ പുറത്തെത്തുന്ന പുഴുക്കളും ഞാഞ്ഞൂല്‍വര്‍ഗത്തിലെ ജീവികളും, ചെറിയ ഞണ്ടുകളുമായിരുന്നു ദേശാടനപ്പക്ഷികളുടെ ഇഷ്ടഭോജനം. എന്നാല്‍, ഇവ നിലച്ചിട്ട് കുറേക്കാലമായി. ഇത് വിരുന്നെത്തുന്നവരുടെ ഭക്ഷണത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുഴയുടെ ചിലഭാഗങ്ങളില്‍ വീണ്ടും തൊണ്ട് പുഴ്ത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണംചെയ്യുന്നതായി പുതിയ കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് ചെയര്‍മാനായ ടി.പി. വിജയന്‍ പറഞ്ഞു.
അറബിക്കടലിന്റെ അഴിമുഖത്തായി 154 ഹെക്ടര്‍ ഭൂമിയിലായി പരന്നുകിടക്കുന്ന കമ്യൂണിറ്റി റിസര്‍വ് മേഖലയിലാണ് കടലുണ്ടി പക്ഷിസങ്കേതമുള്ളത്. ഏതാനുംവര്‍ഷംമുന്‍പ് അന്‍പതുമുതല്‍ നൂറിനംവരെയുള്ള ദേശാടനപ്പക്ഷികളെ കടലുണ്ടി പക്ഷിസങ്കേതത്തില്‍ പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. പ്രമുഖ പക്ഷിനിരീക്ഷകനായ ഡോ. സലീം അലിയുടെ 'ബേര്‍ഡ്‌സ് ഓഫ് കേരളയില്‍' പരാമര്‍ശിക്കുന്ന പത്തിലധികം പക്ഷികളെ കടലുണ്ടി പക്ഷിസങ്കേതത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. യൂറോപ്യന്‍രാജ്യങ്ങളില്‍നിന്ന് എട്ടുദിവസത്തോളം എവിടെയും തങ്ങാതെ പറന്നെത്തുന്ന ഗോഡ് വിറ്റ് ദേശാടനപ്പക്ഷികളും ഇവിടെയെത്തിയിരുന്നു. ഗ്രേറ്റ് നോട്ട്, ക്രബ്‌പ്ലോവര്‍, പവിഴക്കാലി, ചോരക്കാലി, പച്ചക്കാലി, വാള്‍കൊക്കന്‍, കാട കൊക്കുകള്‍, മണല്‍ക്കോഴികള്‍, ടേണ്‍സ്റ്റോണ്‍, ഷോര്‍ബേര്‍ഡ്, ഡണ്‍ലീന്‍, പെരുമുണ്ടി, ചാരമുണ്ടി, ചിന്നമുണ്ടി, കടലുണ്ടി ആള തുടങ്ങി നൂറുകണക്കിന് പക്ഷികളായിരുന്നു കടലുണ്ടി പക്ഷിസങ്കേതത്തിലെ അതിഥികളായെത്താറുള്ളത്.
Content Highlights: Kadalundi bird sanctuary witnesses a significant drop in migratory bird numbers due to climate chang
Published: 26 Jan 2025, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented