തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സി.പി.എം. അദ്ദേഹത്തെ 'വേലിക്കകത്ത്' ആക്കിയതിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും വി.എസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന കെ. സുരേഷ്‌കുമാറിന്റെ പുസ്തകം. മുഖ്യമന്ത്രിയെ കാണിക്കാതെ ഫയൽകടത്താൻ സി.പി.എം. മൂന്നുപേർക്ക് ചുമതല നൽകിയിരുന്നു. എ.കെ.ജി. സെന്ററിൽ ഫയൽ പരിശോധിച്ചശേഷംമാത്രമാണ് വി.എസിനെ കാണിച്ചിരുന്നത്. കെ.എൻ. ബാലഗോപാൽ, എസ്. രാജേന്ദ്രൻ എന്നിവരുടെ പേരിലാണ് പരാമർശം. 'വി.എസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ചയാണ്.

To advertise here,

'മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന ഫയലുകൾ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എൻ. ചന്ദ്രശേഖരപ്പണിക്കർ എന്നിവർ വീതിച്ചെടുത്തിരുന്നു. ഇതിലേതെല്ലാം ഫയലുകൾ മുഖ്യമന്ത്രിക്കയക്കണം എന്നു തീരുമാനിച്ചിരുന്നത് എ.കെ.ജി. സെന്ററിൽ ആയിരുന്നു. അങ്ങോട്ടു ഫയലുകൾ കൊണ്ടുപോകുന്നതിന്റെ ചുമതല പണിക്കർക്കായിരുന്നു.

ഓരോന്നിലും എടുക്കേണ്ട തീരുമാനങ്ങളുടെ കുറിപ്പുസഹിതമാണ് ഫയൽ തിരിച്ചുവന്നിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി ചാർജെടുത്തു നാലു ദിവസം കഴിഞ്ഞപ്പോൾ വി.എസിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീലാ തോമസ് തന്നെ ഫോണിൽ വിളിച്ച് അവിടത്തെ അവസ്ഥ വിവരിച്ചു.

'ഷീലാ തോമസ് മുഖ്യമന്ത്രിയുടെ മുറിയിൽ എത്തുമ്പോൾ ഇവരെന്താണ് സംസാരിക്കുന്നത് എന്നു കേൾക്കാൻ പണിക്കരും രാജേന്ദ്രനും പാഞ്ഞെത്തും. ആദ്യമൊക്കെ ഇവരെ കണക്കാക്കാതെ വി.എസ്. എന്തെങ്കിലുമൊക്കെ സംസാരിക്കുമായിരുന്നു. പിന്നെ പിന്നെ വി.എസ്. സംസാരം നിർത്തി. താൻ മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ മുറിയിൽ എത്തുമ്പോഴും പണിക്കരും രാജേന്ദ്രനും വി.എസിന്റെ ഇരുവശത്തും നിലയുറപ്പിക്കും. പലപ്പോഴും വി.എസ്. തന്നെ മൊബൈൽ ഫോണിൽ വിളിച്ച് പതുങ്ങിയ ശബ്ദത്തിൽ പറയും: ''ഒരു കാര്യം സംസാരിക്കാനുണ്ട് . നാളെ രാവിലെ ഏഴ് മണിക്ക് ക്ലിഫ്ഹൗസിൽ വരണം'' -'മുഖ്യമന്ത്രിയുടെ ഓഫീസിൽ' എന്ന അധ്യായത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സുരേഷ്‌കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൻ. ബാലഗോപാൽ പാർട്ടിക്ക് കത്ത് നൽകിയിരുന്നുവെന്നും സ്മാർട്ട്‌സിറ്റി കരാർ ഒപ്പിടാതിരിക്കാൻ ഫയലുകൾ മുക്കി എന്നും പുസ്തകത്തിലുണ്ട്. ലോട്ടറിത്തട്ടിപ്പുമുതൽ മൂന്നാർ ഓപ്പറേഷൻവരെയുള്ള ഘട്ടത്തിൽ വി.എസിനൊപ്പംനിന്ന് പ്രവർത്തിച്ചതിന്റെ അനുഭവമാണ് പുസ്തകത്തിലുള്ളത്. ഇതിലെല്ലാം പാർട്ടിയും വി.എസും. രണ്ടുതട്ടിലായിരുന്നുവെന്നതാണ് പുസ്തകത്തിന്റെ രാഷ്ട്രീയപ്രാധാന്യം കൂട്ടുന്നത്.