പാലക്കാട്: ബിജെപിക്കെതിരായി കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപിയില്‍ ഒരു പ്രശ്നവുമില്ലെന്നും ഒന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നില്ലെന്നും ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചചെയ്യേണ്ട വിഷയമേ അല്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിഹരിക്കാന്‍ കെ. സുരേന്ദ്രന് കഴിയുമെന്ന് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ ഇന്ന് രാവിലെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഇത് ചൂണ്ടികാണിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കെ. സുരേന്ദ്രന് സംസാരിച്ചത്.
കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും വിശദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജോലിയും അതല്ല. അണികളുടെ ആശങ്കയെക്കുറിച്ച് എന്തിനാണ് മാധ്യമങ്ങള്‍ വേവലാതിപ്പെടുന്നത്? ഞങ്ങള്‍ എയറിലല്ല, ഭൂമിയിലാണ്. ടെലിവിഷന്‍ മുറികളിലോ സാമൂഹികമാധ്യമങ്ങളിലോ ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ എല്ലാവരേയും ബോധ്യപ്പെടുത്താനുള്ള സുവ്യക്തമായൊരു സംവിധാനമുണ്ട്. അത് 23-ാം തിയ്യതി നിങ്ങള്‍ക്ക് ബോധ്യമാകും- സുരേന്ദ്രന് വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട്ട് ബിജെപി ജയിക്കുമെന്നത് നൂറ് ശതമാനം ഉറപ്പാണെന്നും ഇത്തവണ ബിജെപി അല്ലാതെ ആരും ജയിക്കില്ലെന്നും പാര്‍ട്ടിയില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തിയ്യതി നീട്ടിവെച്ചത് ഞങ്ങൾക്ക് സഹായകമാണ്. കാരണം, രഥോത്സവ ദിവസം തിരഞ്ഞെടുപ്പ് നടന്നാൽ കല്‍പ്പാത്തിയിലെ പത്തുപതിനേഴ് ബൂത്തുകളില്‍ നേരിട്ടും മുപ്പത്തിയാറ് ബൂത്തുകളില്‍ പരോക്ഷമായും വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ചും സ്ത്രീവോട്ടര്‍മാര്‍ക്ക്. പത്ത് മണിമുതല്‍ മൂന്ന് മണിവരെ രഥോത്സവത്തോടനുബന്ധിച്ച് തേര് വരുന്നതുകാരണം ഇരുപത്തയ്യായിരം ആളുകള്‍ ആ ഭാഗത്തുണ്ടാകും. മൂന്ന് മണിക്ക് ശേഷം അവരെ ബൂത്തിലേക്കെത്തിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് തിയ്യതി നീട്ടിവെച്ചത് അനുകൂലമാണെന്ന് സുരേന്ദ്രന് പറഞ്ഞു. ബിജെപിക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് തിയ്യതി മാറ്റിവെച്ചതെന്ന വാദങ്ങള്‍ ശരിയല്ലെന്നും അത് ആദ്യഘട്ടത്തില്‍തന്നെ മാറ്റിവെക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: K. Surendran expects bjp will win byelection Palakkad
Published: 05 Nov 2024, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented