തിരുവനന്തപുരം: തന്റെ കാലയളവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. നേട്ടങ്ങള്‍ മാത്രമേ തന്റെ കാലത്ത് ഉണ്ടായിട്ടുള്ളൂവെന്നും കോട്ടങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സുധാകരന്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.
'2021-ല്‍ കെപിസിസി പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. മുന്നോട്ടേ പോയിട്ടുള്ളൂ. എന്റെ കാലയളവില്‍ നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. കോട്ടമില്ല. അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലെനിക്ക് ഉണ്ട്. അങ്ങനെ പറയുന്നത് യാഥാര്‍ഥ്യബോധ്യത്തോടെയാണ്. ലോക്‌സഭയില്‍ 18 സീറ്റ് നേടാന്‍ കഴിഞ്ഞതിനപ്പുറം ചരിത്രത്തില്‍ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. ക്യാമ്പസുകളില്‍ കെഎസ്‌യു തിരിച്ചുവരവ് നടത്തി. അതിന് കാരണം അവര്‍ക്ക് താങ്ങായും തണലായും കെപിസിസി നിന്നുകൊടുത്തു എന്നതാണ്. സിയുസികള്‍ രൂപീകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. എന്റെ പിന്‍ഗാമി സണ്ണിയെ അത് പൂര്‍ത്തീകരിക്കാന്‍ ഏല്‍പ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്.' സുധാകരന്‍ പറഞ്ഞു.
സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നായിരുന്നു ചുമതല ഏറ്റെടുത്തപ്പോള്‍ പറഞ്ഞത്. ഇക്കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഏത് ഏറെക്കുറേ സാധ്യമായിട്ടുണ്ട്. ഗുരുതരമായ പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെപിസിസി നിര്‍ദേശിച്ച എല്ലാ പാര്‍ട്ടി പരിപാടികളും നടന്നത് സെമി കേഡര്‍ സംവിധാനത്തിന്റെ ഫലമായാണ് ചിട്ടയോടെ നടന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് കലാപം ഇന്നില്ലാതെ പോയത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. പ്രവര്‍ത്തകരാണ് എന്റെ ശക്തി. അവരോടൊപ്പം എന്നുമുണ്ടാകും. സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിനിന് മുന്നില്‍ പടക്കുതിര പോലെ എന്നുമുണ്ടാകും. എനിക്ക് ആരേയും ഭയമില്ല. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോയിട്ടുണ്ട്. പലരും കേസില്‍ കുടുക്കാനും ജയിലിലടക്കാനും നോക്കിയിട്ടുണ്ട്. 56 ഇഞ്ച് നെഞ്ചളവുള്ളവരോടും ഇരട്ട ചങ്കുള്ളവരോടും ഒരു വിട്ടുവീഴ്ചയുമില്ല എന്ന നിലപാടാണ് ഉള്ളത്.' സുധാകരന്‍ പറഞ്ഞു.
Content Highlights: K Sudhakaran lists Congress`s achievements during his tenure,
Published: 12 May 2025, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented