
തിരുവനന്തപുരം: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അനാവശ്യമായി ചിത്രീകരണമാണ് നടക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അവര്‍ വരുന്നസമയത്ത് കുഴപ്പമുള്ള ആളാണെന്ന് സര്‍ക്കാരിനോ ഏജന്‍സിക്കോ അറിയില്ല. അവര്‍ പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ഇപ്പോള്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ചിത്രീകരിക്കുകയാണ്. ഇത് ടൂറിസം മേഖലയെ ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരം വിവാദം കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ കേരളം ഒരു കുഴപ്പംപിടിച്ച സംസ്ഥാനമാണെന്ന് ധരിക്കാനിടയാക്കും. ബിജെപിയിലെ നേതാക്കള്‍ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം സംബന്ധിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച പ്രചാരണപരിപാടിയുടെ ഭാഗമായാണ് യൂട്യൂബറായിരുന്ന ജ്യോതി മല്‍ഹോത്രയും കേരളത്തിലെത്തിയത്. ജ്യോതി മല്‍ഹോത്രയടക്കം 41 വ്ളോഗര്‍മാരാണ് ടൂറിസം വകുപ്പിന്റെ പ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നത്. ഈ പ്രചാരണപരിപാടികള്‍ക്കായി ആകെ 75 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കിയെന്നാണ് വിവരം.
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. പാക് ചാരസംഘടനയായ ഐഎസ്ഐയിലെ ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. നിലവില്‍ ഹരിയാണയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര. കഴിഞ്ഞദിവസം ഇവരുടെ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
Content Highlights: Kerala tourism minister clarifies on YouTuber Jyoti Malhotra`s kerala visit
Published: 08 Jul 2025, 02:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented