ലണ്ടൻ: ജീവന് അധോലോക ഭീഷണിയുണ്ടായതിനെത്തുടർന്നാണ് 2010-ൽ ഇന്ത്യ വിട്ടതെന്നും അന്ന് തന്റെപേരിൽ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും മുൻ ഐ.പി.എൽ. കമ്മിഷണർ ലളിത് മോദി. നിയമനടപടികളിൽനിന്ന് ഒഴിഞ്ഞുമാറാനാണ് താൻ ഇന്ത്യ വിട്ടതെന്ന ആരോപണങ്ങൾ തള്ളിയാണ് പ്രസ്താവന.

To advertise here,

ഇന്ത്യ വിടുമ്പോൾ തനിക്കെതിരേ എഫ്.ഐ.ആർ. ഉണ്ടായിരുന്നില്ല. 16 വർഷത്തിലേറെയായിട്ടും ഒരു കോടതിയിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇ.ഡി. നിർദേശപ്രകാരം റദ്ദാക്കിയ തന്റെ പാസ്‌പോർട്ട് 2014-ൽ ഡൽഹി ഹൈക്കോടതി പുനഃസ്ഥാപിച്ചു നൽകിയിരുന്നെന്നും ലളിത് മോദി എക്സിൽ കുറിച്ചു.

മുന്നറിയിപ്പില്ലാതെ സായുധ പോലീസ് സുരക്ഷ പിൻവലിച്ച് മൂന്നു ദിവസത്തിനുശേഷമാണ് ജീവന് ഭീഷണിയുണ്ടായതും ഇന്ത്യ വിടാൻ തീരുമാനിച്ചതും. കേന്ദ്ര ഏജൻസികളുടെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകിയിരുന്നതെന്ന് മുംബൈ പോലീസ് അഡീഷണൽ കമ്മിഷണർ ഇ.ഡി.ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബി.സി.സി.ഐ. ഭാരവാഹി, ഐ.പി.എൽ. ഗവേണിങ് കൗൺസിൽ അംഗം, ചെന്നൈ സൂപ്പർ കിങ്സ് ഉടമ എന്നീ പദവികൾ ഒരേസമയം വഹിച്ച എൻ. ശ്രീനിവാസന്റെ താത്പര്യവൈരുധ്യത്തെ എതിർത്തതിനുള്ള പ്രതികാരമായിരുന്നു 2010 ഒക്ടോബറിൽ ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കേസ്. 2015-ൽ സുപ്രീംകോടതി ശ്രീനിവാസനെ അയോഗ്യനാക്കിയതും ലളിത് മോദി ചൂണ്ടിക്കാട്ടി.