തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ നേതൃത്വം എന്‍.ഡി.എ സഖ്യത്തിനൊപ്പം ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടില്‍ കുടുതല്‍ വിശദീകരണവുമായി ജോസ് തെറ്റയില്‍. ജെ.ഡി.എസ് കേരള ഘടകത്തിന് അവ്യക്തതയില്ലെന്നും എല്‍.ഡി.എഫിനൊപ്പം തന്നെ തുടരുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് തെറ്റയില്‍ പറഞ്ഞു. കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ചൊന്നും ഒരു ആശങ്കയുമില്ലെന്നും മുമ്പും സമാന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ജോസ് തെറ്റയില്‍ വ്യക്തമാക്കി. 

To advertise here,

'പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടില്‍ യാതൊരു അവ്യക്തതയുമില്ല. കാരണം ഞങ്ങളുടെ നിലപാട് എന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായും മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളുമായിട്ടാണ്. ഈ രാഷ്ട്രീയ നിലപാടുമായി യോജിക്കാത്ത ഏത് ഘടകവുമായും ഞങ്ങള്‍ വിയോജിപ്പിലാണ്. അവരുടെ നിലപാടുമായി ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ല. ആളുകളെയല്ല നിലപാടുകളെയാണ് ഞങ്ങള്‍ പറയുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ജനാധിപത്യ മതേതര സോഷ്യലിറ്റ് ശക്തികളുമായി യോജിച്ചേ എന്നുമുള്ളു. ആ നിലപാടായിരിക്കും തുടരുക'- ജോസ് തെറ്റയില്‍ പറഞ്ഞു.

കോണ്‍ഗ്രസാണ് ജെഡിഎസിനെ ബിജെപി സഖ്യത്തിലേക്ക് തള്ളിവിട്ടതെന്നും തെറ്റയില്‍ വിമര്‍ശിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ നിലപാട് ആത്മഹത്യാപരമാണെന്നും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു. 

പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ബിജെപിക്കെതിരായി നില്‍ക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും വ്യക്തമാക്കി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയത്തിനെതിരായി നില്‍ക്കണമെന്ന ആശയമാണ് പാര്‍ട്ടിയിലുള്ളത്. അത് തുടര്‍ന്നുകൊണ്ടുപോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

എന്‍ഡിഎയില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം കഴിഞ്ഞ ദിവസം തന്നെ തള്ളിയിരുന്നു. എന്‍ഡിഎയ്ക്കൊപ്പം കേരള ഘടകം പോകില്ലെന്നും അടുത്ത മാസം സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന്റെ പ്രതികരണം.