കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് എം. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ബാക്കിയുള്ളതൊക്കെ പൊളിറ്റിക്കൽ ഗോസിപ്പുകളാണെന്നും ജോസ് കെ മാണി ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'കേരള കോൺഗ്രസിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി എന്നാണ് അന്നത്തെ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞത്. അതിനുശേഷം കേരളാ കോൺഗ്രസ് എടുത്ത രാഷ്ട്രീയ തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിൽക്കുക എന്നതാണ്. ആ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അതിൽ ഒരു മാറ്റവുമില്ല. ജയപരാജയം ഉണ്ടാകും. പരാജയം വരുമ്പോൾ ഉടനെ മുന്നണി മാറ്റം എന്നതാണോ? അത് ഏതെങ്കിലും ഒരു മാധ്യമം പൊളിറ്റിക്കൽ ഗോസിപ്പ് ഉണ്ടാക്കി ചർച്ച കൊണ്ടുവരാൻ വേണ്ടിയിട്ടാണ്'- ജോസ് കെ മാണി പറഞ്ഞു.
ആരുടേയും അടുത്ത് നിന്ന് ഒരു ക്ഷണം ലഭിച്ചിട്ടില്ലെന്നും ആരുടേയും മുമ്പിൽ പോയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ ആവശ്യങ്ങളും അർഹതകളും പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
തോമസ് ചാഴിക്കാടന്റെ തോൽവിയോടെ കേരള കോൺഗ്രസ് എമ്മിന്റെ ലോക്സഭാ സാന്നിധ്യം നഷ്ടമായിരുന്നു. ജോസ് കെ മാണിയുടെ രാജ്യസഭാംഗത്വം അവസാനിക്കുന്നതോടെ പാർട്ടി കേരളത്തിലൊതുങ്ങും. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റിനായി കേരള കോൺഗ്രസ് എൽ.ഡി.എഫിൽ സമ്മർദ്ദം ചെലുത്തുന്നത്.
പാർട്ടിക്കുമുന്നിൽ മൂന്നു വഴികളാണുള്ളത്. രാജ്യസഭാ സീറ്റിലേക്ക് ചെയർമാൻ ജോസ് കെ. മാണി പരിഗണിക്കപ്പെട്ടില്ലെങ്കിൽ മുന്നണിനേതൃത്വം നിർദേശിക്കുന്ന ഒത്തുതീർപ്പിന് വഴങ്ങുകയെന്നതാണ് ഇതിലൊന്ന്. ചില സ്ഥാനങ്ങൾ കാബിനറ്റ് പദവിയോടെ വാഗ്ദാനം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും സി.പി.എം. നേതൃത്വം ഇതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഒരു ഉപാധിയുമില്ലാതെ ഇനിയൊരു അവസരം കാത്ത് മുന്നണിയിൽ തുടരുകയെന്നതാണ് മറ്റൊരു വഴി. യു.ഡി.എഫിലേക്കുള്ള മടക്കമാണ് അറ്റകൈക്ക് സ്വീകരിക്കാവുന്ന വഴി. എന്നാൽ മൂന്നാമത്തേത് ജോസ് കെ മാണി തന്നെ തള്ളിക്കളയുന്നുണ്ട്. തങ്ങളെ പുറത്താക്കിയ പാർട്ടിയിലേക്ക് ഇല്ലെന്നും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിൽക്കുന്നെന്നും ജോസ് കെ മാണി ഉറപ്പിച്ചു പറയുന്നു. ഇതോടെ പാർട്ടിക്ക് മുമ്പിലുള്ളത് ആദ്യ രണ്ടുവഴികളാണ്.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിനുമുമ്പ് ഇടതുമുന്നണിയിലേക്ക് വന്നപ്പോൾ മറ്റു ഘടകക്ഷികളുടെ സീറ്റുകളും മാണി ഗ്രൂപ്പിനായി പങ്കിട്ടിരുന്നു. സി.പി.എമ്മും വിട്ടുവീഴ്ച ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യ ഊഴം അധ്യക്ഷസ്ഥാനം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നൽകി. സി.പി.ഐ.യുടെ കാഞ്ഞിരപ്പള്ളി സീറ്റുവരെ കൈമാറി. മികച്ച പരിഗണന സി.പി.എം. നൽകിയെന്ന് ജോസ് കെ. മാണിവരെ പ്രതികരിച്ചു. കേരളാ കോൺഗ്രസിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്തെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു. ഈ നല്ല ബന്ധം രാജ്യസഭാ സീറ്റിനുവേണ്ടി മുറിച്ചുമാറ്റണോ എന്നത് പാർട്ടിക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വൻവീഴ്ചയിൽ പാർട്ടി കണക്ക് പറഞ്ഞേ തീരൂ എന്ന നിലയാണ്. 2019-ൽ വി.എൻ. വാസവൻ നേടിയതിനെക്കാൾ 37,422 വോട്ടു കുറഞ്ഞത് കാൽച്ചുവട്ടിലെ മണ്ണ് പോയതിന് ഉദാഹരണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പാർട്ടി അണികളുടെയും അനുഭാവികളുടെയും ചേരിമാറി വോട്ടുചെയ്യൽ പ്രകടമായിരുന്നു.
Content Highlights: jose k mani commenting on rajya sabha seat
Published: 08 Jun 2024, 11:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented