കോഴിക്കോട്: തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബ് റഹ്‌മാൻ. ഒന്നുകിൽ മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കിൽ മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുന്നു. 1996-ലും 2004-ലും 2006-ലും 2009-ലും 2011-ലും 2015-ലും ജമാ അത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാരേഖാകൾ എന്നിവ തെളിവായി ഉണ്ട്.പക്ഷെ, പൂർവ്വകാലത്തെ റദ്ദ് ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇത് അദ്ദേഹം സ്വയം പരിഹാസ്യനായി തീരുന്നതിന് കാരണമാവുന്നു. മുജീബ് റഹ്‌മാൻ പറഞ്ഞു.

To advertise here,

പാർട്ടി നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചതെന്നും പിണറായി വിജയൻ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 2024-ൽ സി.പി.എമ്മിന്റെ മൂന്ന് എം.പിമാരും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു കൂടി വാങ്ങി ജയിച്ചവരാണെന്നും മുജീബ് റഹ്‌മാൻ വ്യക്തമാക്കി.

2011-ൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽവെച്ച് പിണറയി വിജയനുമായി അന്നത്തെ അമീർ ചർച്ച നടത്തി. രാഷ്ട്രീയമായ ചർച്ചയാണ് ഇരുമുന്നണിയുമായി നടത്തിയത്. മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ല. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലാണോ ജമാഅത്തെ ഇസ്‌ലാമി ഭീകര സംഘടന ആയത്?പാലക്കാട്ട് സി.പി.എം. എന്നോ കോൺഗ്രസ് എന്നോ ഉള്ളത് ന്യൂനപക്ഷത്തിന്റെ വിഷയമല്ല. ബി.ജെ.പി. കേരളത്തിൽ വിജയിക്കാൻ പാടില്ലെന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാട്- അദ്ദേഹം പറഞ്ഞു.

പിന്തുണക്കാതെ ഇരിക്കുമ്പോൾ ഭീകര സംഘടനയാക്കുന്ന സമീപനത്തെയാണ് വിമർശിക്കുന്നതെന്നും തള്ളിപ്പറഞ്ഞത് കൊണ്ടാണ് പേര് പറയുന്നതെന്നും മുജീബ് റഹ്‌മാൻ വ്യക്തമാക്കി.