കൊച്ചി: ജലന്ധർ രൂപതാ അധ്യക്ഷ പദവിയിൽനിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. രാജി വത്തിക്കാൻ സ്വീകരിച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കൽ ഇനി അറിയപ്പെടുമെന്ന് വത്തിക്കാൻ അറിയിച്ചു. എല്ലാവർക്കും നന്ദി പറയുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.

To advertise here,

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതേവിട്ടത്. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീൽ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ബിഷപ്പിന്റെ രാജി.

നേരത്തെ ഫ്രാങ്കോ മുളയ്ക്കൽ നൽകിയ രാജി വത്തിക്കാൻ അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനായുമാണ് രാജി അംഗീകരിക്കുന്നതെന്ന് അപ്പോസ്തലിക് നൺസിയേച്ചർ അറിയിച്ചു. സഭയുടെ നന്മയ്ക്കായും രൂപതയ്ക്ക് പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജി അംഗീകരിക്കുന്നതെന്നും വത്തിക്കാൻ സ്ഥാനപതിയുടെ വാർത്താക്കുറിപ്പിലുണ്ട്.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പോലീസിൽ പരാതി നൽകുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവർ പരാതി അറിയിച്ചിരുന്നു. 2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. കന്യാസ്ത്രീ ജൂൺ 27-ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പോലീസ് പരാതിയിൽ കേസെടുത്തു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീകൾ സമരത്തിനിറങ്ങുകയും മറ്റ് സംഘടനകൾ അവർക്ക് പിന്തുണയുമായി എത്തുകയും ചെയ്തതോടെയാണ് പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നത്.