തിരുവനന്തപുരം: മണിപ്പുർ വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് പിന്നാലെ നിലപാട് മാറ്റി യാക്കോബായ സഭയും. മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തിൽ ഉണ്ടെന്നുപറഞ്ഞ അദ്ദേഹം, കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശരിയെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുരിലെ തർക്കപരിഹാരത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകണമെന്നു പറഞ്ഞ മോഹൻ ഭാഗവത്, പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയതിനെ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കേരളത്തിൽനിന്ന് ക്രിസ്ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത കൂട്ടിച്ചേർത്തു.
അതേസമയം, മണിപ്പുരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന നിലപാടായിരുന്നു ക്രൈസ്തവ സഭകളെല്ലാം സ്വീകരിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ, രണ്ടു പ്രധാന സഭകളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. മണിപ്പുരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു.
മണിപ്പുരിലേത് ഗോത്രവർഗങ്ങൾ തമ്മിലുള്ള അടിയായി മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാൽ വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്, എന്നായിരുന്നു ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ പറഞ്ഞത്.
Content Highlights: Jacobite Church changed its stance after the Orthodox Church on manipur
Published: 12 Jun 2024, 01:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented