മേപ്പാടി(വയനാട്): ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മുസ്ലിംലീഗ് തൃക്കൈപ്പറ്റയില്‍ പണിയുന്ന വീടുകളുടെ നിര്‍മാണം ഉടന്‍ നിര്‍ത്തിവെക്കാന്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലത്തെത്തി ആവശ്യപ്പെട്ടു. നിയമാനുസൃതമായ അനുമതി ലഭിക്കുന്നതുവരെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് പഞ്ചായത്ത് സെക്രട്ടറി, ലീഗിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടും നിര്‍മാണം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥരെത്തി പ്രവൃത്തി തടഞ്ഞത്.

To advertise here,

തൃക്കൈപ്പറ്റയിലെ ഭൂമിയില്‍ പ്ലോട്ട് വികസനം നടത്താമെന്ന തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഉത്തരവുപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് 68 പ്ലോട്ട് വികസനത്തിനും ഭൂമി പുനര്‍വിഭജനത്തിനും അനുമതിനല്‍കിയിരുന്നു. ഇതുപ്രകാരം പ്ലോട്ട് വികസനത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷയും നല്‍കേണ്ടതായിരുന്നു.

എന്നാല്‍, ഇതുനല്‍കാതെ സ്വകാര്യ സിവില്‍ എന്‍ജിനിയറില്‍നിന്ന് ഏഴ് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് സമ്പാദിച്ച് നിര്‍മാണം നടത്തുകയായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി എം. ഷാജു പറഞ്ഞു.

ഇതിനെത്തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കുമെന്നറിയിച്ച് കഴിഞ്ഞ എട്ടിനാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. ഇതിന് ലീഗ് മറുപടിനല്‍കിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ നിയമാനുസൃതമായ അനുമതി വാങ്ങിക്കുകയോ ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നിര്‍മാണം തുടര്‍ന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.