തിരുവനന്തപുരം: എസ്എൻഡിപിയേയും എൻഎസ്എസിനേയും ഒന്നിപ്പിക്കുന്നത് സിപിഎം അല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപിയും എൻഎസ്എസും അടുക്കുകയും യുഡിഎഫിനെ തുറന്ന് എതിർക്കുകയും ചെയ്യുന്നു, പ്രതിപക്ഷ നേതാവിനെ എതിർക്കുന്നു- ഇതിനൊക്കെ പിന്നിൽ സിപിഎം ആണോ എന്ന ചോദ്യത്തിന് ബാലൻ നൽകിയ മറുപടി ഇതായിരുന്നു:- അല്ല. അത് അവരുടെ (എൻഎസ്എസിന്റെയും എസ്എൻഡിപിയുടേയും) അനുഭവമാണ്. ഒരു അഭിപ്രായ ഐക്യം ആ രണ്ട് സംഘടനകളും, ആ രണ്ട് നേതാക്കളും (വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായരും) തമ്മിലുണ്ടായാൽ കേരളത്തിന്റെ സാമൂഹികപ്രശ്‌നം എന്ന നിലയിൽ പ്രത്യേകിച്ച് സാമൂഹികനീതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംവരണത്തിന്റെ കാര്യത്തിൽ ഒരു നല്ല പോസിറ്റീവ് ആയിട്ടുള്ള ഔട്ട്കം ഉണ്ടാകും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. അതുകൊണ്ട് അതിനെ പരിപൂർണമായി സ്വാഗതം ചെയ്യുകയാണ്

To advertise here,

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയേക്കുറിച്ചും ബാലൻ പ്രതികരിച്ചു. ഭരണവിരുദ്ധവികാരം എന്നു പറയുന്നത് സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ്. കേരളഭരണത്തിന് എതിരായി അങ്ങനെ ഒരു വികാരമുണ്ടായിരുന്നില്ല. എന്നാൽ എൽഡിഎഫിന്റെ കൈവശമുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും പല കാരണങ്ങളാൽ, അത് ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതല്ല. പല കാരണങ്ങളാൽ ഭരണസമിതിക്കെതിരായി വികാരമുണ്ടായിട്ടുണ്ട്. വ്യക്തിപരമായ ആനുകൂല്യങ്ങൾ പഞ്ചായത്ത് തലത്തിൽ കിട്ടാത്തതിന്റെ ഭാഗമായി അമർഷം ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒരു ബൂത്തിനെ സംബന്ധിച്ചിടത്തോളം, പത്തോ പതിനഞ്ചോ വീടുകളെ ബാധിച്ചാൽ മതി. അല്ലാതെ ശബരിമലയോ സർക്കാരിനെതിരായതോ ആയ വികാരമല്ലത്. പഞ്ചായത്ത് തലത്തിലുള്ള കാര്യങ്ങളിൽ ജനങ്ങളെയും അതുപോലെ വോട്ടർമാരെയും വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ആ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഗൃഹസന്ദർശനം നടത്തുന്നത്. അവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടി എന്ന നിലയ്ക്ക് ശക്തമായ നിലപാട് സർക്കാർ സ്വീകരിക്കും. അങ്ങനെ വരുന്ന സമയത്ത് മുഖ്യമന്ത്രി പറഞ്ഞപോലെ 110 എന്ന സീറ്റിലേക്ക് എൽഡിഎഫ് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.