പാലക്കാട്: പരശുറാം എക്‌സ്പ്രസ് കൃത്യസമയം പാലിക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. 

To advertise here,

പരശുറാം എക്‌സ്പ്രസില്‍ ഒരു ബോഗി കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ട്രെയിനില്‍ അനുഭവപ്പെടുന്ന തിരക്കിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന പതിവ് തീവണ്ടികളിലെ തിരക്ക് കുറയ്ക്കാന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് പ്രായോഗികമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും കമ്മിഷന്‍ വിമര്‍ശിച്ചു.

മംഗലാപുരത്ത് നിന്നും രാവിലെ 5.05 നാണ് പരശുറാം എക്‌സ്പ്രസ് യാത്ര ആരംഭിക്കുന്നത്. കണ്ണുരില്‍ 7.07 നും കോഴിക്കോട് 8.37 നും എത്തിചേരും. സമയം കൃത്യമായി പാലിക്കുകയാണെങ്കില്‍ 8.57 ന് കാസര്‍കോഡ് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിന് വേണ്ടി പരശുറാം എക്‌സ്പ്രസ് പിടിച്ചിടേണ്ടി വരില്ലെന്ന യാത്രാക്കാരുടെ ആവശ്യം പരിഗണനാര്‍ഹമാണെന്ന് ഉത്തരവില്‍ പറയുന്നു.

ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കണം. പരശുറാം എക്‌സ്പ്രസിലെ തിരക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ സ്വദേശി പി. ഐ. ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ജനറല്‍ കോച്ചും സ്ത്രീകളുടെ കോച്ചും അനുവദിച്ചിട്ടുണ്ടെന്ന് പാലക്കാട് സീനിയര്‍ ഡിവിഷണല്‍ റയില്‍വേ മാനേജര്‍ കമ്മീഷനെ അറിയിച്ചു.  മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസിലും നാല് ജനറല്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണുര്‍- കോഴിക്കോട് റൂട്ടിലെ റയില്‍വേ പാതയിലെ തിരക്ക് കാരണം പുതിയ തീവണ്ടികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.