ആലപ്പുഴ: ഹരിപ്പാട്, കായംകുളം മേഖലകളിൽ 2020-ലും ഇറിഡിയത്തിന്റെ പേരിൽ തട്ടിപ്പു നടന്നതായി പരാതിക്കാർ. ഒരുലക്ഷം മുതൽ 10 ലക്ഷംവരെ രൂപ വാങ്ങിയായിരുന്നു ഇത്. ഇറിഡിയം വിറ്റ് വൻ ലാഭമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) പേരിലുള്ള വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും തട്ടിപ്പിനായി ഉപയോഗിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘമായിരുന്നു ഇതിനു പിന്നിൽ.

To advertise here,

ശരവണൻ എന്നയാളുടെ പേരിലുള്ള ഇറിഡിയം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റാണ് തട്ടിപ്പുകാർ നിക്ഷേപകർക്കു നൽകിയിരുന്നത്. 75 ലക്ഷം രൂപ നഷ്ടപ്പെട്ട ഹരിപ്പാടു സ്വദേശിയുടെ പേരിൽ ചില ഇടപാടുകൾ ചെന്നൈ കേന്ദ്രീകരിച്ചു നടന്നിരുന്നു. കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലെ ഇരുനൂറിലധികം പേരെ കബളിപ്പിച്ചതിനു പിന്നിൽ തമിഴ്നാട്ടിൽനിന്നുള്ള സംഘമാണെന്നാണു സൂചന.

ഇറിഡിയം കച്ചവടവുമായി ബന്ധപ്പെട്ടവരുടെ കൂട്ടായ്മ കുമരകത്ത്‌ സംഘടിപ്പിച്ചിരുന്നു. ഇതിൽ തമിഴ്നാട്ടിൽനിന്നുള്ള റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ, ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാമാണു പങ്കെടുക്കുന്നതെന്നാണ് തട്ടിപ്പുകാർ വിശ്വസിപ്പിച്ചിരുന്നത്. ഇവരെയെല്ലാം പരിചയപ്പെടുത്തിയെങ്കിലും തട്ടിപ്പിനിരയായ ഒരാൾപോലും ഇവർ യഥാർഥ ഉദ്യോഗസ്ഥരാണോയെന്ന് അന്വേഷിച്ചില്ല.

ഇരുനൂറോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ മികച്ച നിക്ഷേപകനും പ്രമോട്ടർക്കും സമ്മാനമായി കാറുകൾ നൽകി. ഇതിൽ ഒരു ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകിയത് തട്ടിപ്പായിരുന്നെന്ന് നിക്ഷേപകർ പിന്നീട് കണ്ടെത്തി.

കോയമ്പത്തൂരിലുള്ള ഒരു ഷോറൂമിൽനിന്ന്‌ ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ കൊണ്ടുവന്ന കാറായിരുന്നു ഇത്. ഫോട്ടോയെടുത്തശേഷം ഷോറൂമിൽ കാർ തിരികെനൽകി.

ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിൽ ഇറിഡിയം ബിസിനസുമായി ബന്ധപ്പെട്ട് യോഗങ്ങൾ നടക്കുമെന്നും തട്ടിപ്പുകാർ പറഞ്ഞിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനായി രണ്ടുലക്ഷം രൂപവരെ നിക്ഷേപകരിൽനിന്നു വാങ്ങി.

കൂട്ടായ്മയ്ക്കെത്തുമ്പോൾ നിക്ഷേപകർക്ക് കോടിക്കണക്കിനു രൂപയുടെ ചെക്ക് നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, യോഗം തീരാറായപ്പോൾ ആദായനികുതിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുള്ളതിനാൽ പിന്നീട് ചെക്ക് കൊടുക്കാമെന്നറിയിച്ച് പറഞ്ഞുവിട്ടു. പിന്നീടൊരിക്കലും ഈ പണം കിട്ടിയിട്ടുമില്ല. ഇപ്പോൾ നിക്ഷേപകർ വിളിക്കുമ്പോൾ പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവരുടെയെല്ലാം ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലാണ്.