അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ അതിരപ്പിള്ളിയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വച്ചത്. നാല് തവണയാണ് വെടിവെച്ചതെങ്കിലും അതില്‍ ഒരെണ്ണമാണ് ആനയ്ക്ക് ഏറ്റത്. ആനയുടെ പിന്‍കാലിലാണ് മയക്കുവെടിയേറ്റത്. അതിരപ്പിള്ളി കാലടി പ്ലാന്റേഷന്റെ റബര്‍ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരുന്നത്. 

To advertise here,

കാലടി പ്ലാന്റേഷനില്‍ രാവിലെ മുതല്‍ കൂട്ടമായി നിന്നിരുന്ന ആന കൂട്ടത്തില്‍ നിന്ന് മാറിയ അവസരത്തിലാണ് മയക്കുവെടി വച്ചത്.മയക്കുവെടിയേറ്റ് ആന മയങ്ങുന്നതിനനുസരിച്ച് ഡോ. അരുണ്‍ സഖറിയയും സംഘവും തുടര്‍ ചികിത്സകള്‍ നല്‍കും. ദിവസങ്ങള്‍ നീണ്ട ദുഷ്‌കരമായ ദൗത്യത്തിനൊടുവിലാണ് ആനയ്ക്ക് മയക്കുവെടിവെച്ചത്. തുടര്‍ന്ന് ആനയ്ക്ക് ചികിത്സ നല്‍കി കാട്ടില്‍വിടാനാണ് തീരുമാനം.  

നേരത്തെ വ്യാഴാഴ്ച മൂന്ന് സംഘങ്ങളായി തിരച്ചില്‍ നടത്തിയിട്ടും ആനയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം ആനയെക്കണ്ട പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു. 20 അംഗങ്ങളുള്ള ദൗത്യസംഘം വിപുലപ്പെടുത്തിയായിരുന്നു അന്വേഷണം. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഡേവിഡ് എബ്രഹാം, ഡോ. ബിനോയ് സി. ബാബു, ഡോ. മിഥുന്‍ എന്നിവരാണുള്ളത്.

ആന തീറ്റയെടുക്കുകയും കിലോമീറ്ററുകളോളം സഞ്ചരിക്കുകയും ചെയ്യുന്നതിനാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് നിഗമനം. മയക്കുവെടിവെച്ച് വിശദമായ പരിശോധന നടത്തിയാലേ മുറിവിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാനാകൂ. മുറിവ് മസ്തകത്തിലായതിനാല്‍ അണുബാധയുണ്ടായാല്‍ ആനയുടെ ആരോഗ്യം അപകടത്തിലാകാന്‍ സാധ്യതയുണ്ട്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയുണ്ടായ മുറിവാണെന്ന് വ്യക്തമായിട്ടുണ്ട്.