താമരശ്ശേരി: 1984 നവംബർ മൂന്നിന് രാജ്യതലസ്ഥാനത്തെ ശക്തിസ്ഥലിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിതയ്ക്ക് മകൻ രാജീവ് ഗാന്ധി തീകൊളുത്തുന്നതിന് ഒരുദിവസംമുൻപ്‌ ഇയ്യാട് മങ്ങാട്ടെ ഒറ്റത്തെങ്ങുള്ളതിൽ വീട്ടിൽ കൂട്ടനിലവിളി ഉയർന്നു. അംഗരക്ഷകരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ പ്രിയദർശിനിയുടെ വിയോഗത്തിൽ മനംനൊന്ത്, ‘ഇന്ദിരയില്ലാത്ത ഇന്ത്യയിൽ ജീവിച്ചിട്ട് കാര്യമില്ല’ എന്ന് പ്രഖ്യാപിച്ച് ഒരു കോൺഗ്രസ് പ്രവർത്തകൻ ഒരു മുഴംകയറിൽ അന്ന് ജീവിതം അവസാനിപ്പിച്ചു. ഏതാനും ദിവസത്തെ സഹാനുഭൂതിക്കപ്പുറം പ്രസ്ഥാനമോ നാടോ ആ തെങ്ങുകയറ്റത്തൊഴിലാളിയുടെ കുടുംബത്തിന് കാര്യമായി കൈത്താങ്ങേകിയില്ല.

To advertise here,

എന്നാൽ, ഒരു സുപ്രഭാതത്തിൽ അച്ഛനില്ലാതായിപ്പോയ പറക്കമുറ്റാത്ത മൂന്നുകുട്ടികളെയും ദുർവിധിക്കു വിട്ടുകൊടുക്കാൻ ആ യുവവിധവ തയ്യാറല്ലായിരുന്നു. നെല്ലുകൊയ്തും തേങ്ങ വെട്ടിയുണക്കിയും ഓലമെടഞ്ഞുമെല്ലാം പണം സ്വരൂപിച്ച്, ഭർത്തൃരക്ഷിതാക്കളുടെ പിന്തുണയോടെ വീടുവെച്ച് അവൾ മൂന്നുകുരുന്നുകളെയും പോറ്റി.

41 വർഷത്തിനുശേഷം കുടുംബത്തിലെ ദുരന്തവും രോഗാവസ്ഥയും തളർത്തിയതോടെ കിടപ്പിലായിപ്പോയ ആ സ്ത്രീ ഞായറാഴ്ച മരണത്തെ പുൽകി. നാല് ദശാബ്ദങ്ങൾക്കുമുൻപ്‌ തന്റെ ഭർത്താവിനെ അടക്കിയ പറമ്പിന് സമീപത്തായിത്തന്നെ ആ മൃതശരീരം എരിഞ്ഞമർന്നു.

ഇന്ദിരാഗാന്ധിയുടെ മരണവിവരമറിഞ്ഞ് ആത്മഹത്യ ചെയ്ത ഇയ്യാട് മങ്ങാട് ഒറ്റത്തെങ്ങുള്ളതിൽ ചന്തുക്കുട്ടിയുടെ ഭാര്യ മങ്ങാട് അരുമണിപ്പൊയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ മീനാക്ഷി (75)യാണ് ഞായറാഴ്ച അന്തരിച്ചത്. സജീവ കോൺഗ്രസ് പ്രവർത്തകനായ ചന്തുക്കുട്ടി ഇന്ദിരാഗാന്ധി മരിച്ച് രണ്ടാംദിവസമായിരുന്നു വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി മരിച്ചത്. അന്ന് വൈകീട്ട് നാലരയ്ക്ക് മൃതദേഹം ഇറക്കാൻ താനുമുണ്ടായിരുന്നെന്ന് ചന്തുക്കുട്ടിയുടെ പിതൃസഹോദര പുത്രൻ ദാമോദരൻ ഓർമ്മിച്ചെടുത്തു.

ആ നടുക്കുന്ന ഓർമ്മ തങ്ങളുടെ മനസ്സിൽനിന്ന് ഇനിയും വിട്ടുമാറിയിട്ടില്ലെന്ന് ബന്ധുക്കളായ ശിവദാസനും കണാരൻകുട്ടിയും പങ്കുവെച്ചു.

ചിറയിൽ ചാടിക്കളിക്കവേ താടിക്കു മുറിവുപറ്റിയ തന്നെയുംകൊണ്ട് അമ്മ എളേറ്റിൽ വട്ടോളിയിലെ ആശുപത്രിയിലേക്ക് പോകവേ, വഴിയിൽവെച്ച് കണ്ട് യാത്രയാക്കിയ അച്ഛന്റെ ദൃശ്യമാണ് മകൻ വിനോദിന്റെ മനസ്സിലെ ഓർമ്മചിത്രം.

ആ പോക്ക് പിന്നീട് മരണത്തിലേക്കായിരുന്നെന്ന് അറിയുന്നത് ഇരുവരും ഡോക്ടറെ കണ്ട് മടങ്ങിയെത്തുമ്പോഴാണ്. മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബു, ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള, വൈസ് പ്രസിഡന്റ് കെ. സഫിയ, ജില്ലാപഞ്ചായത്ത് മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ബാലാമണി തുടങ്ങി കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒട്ടേറെപ്പേർ വീട്ടിലെത്തി.