തിരുവനന്തപുരം/കണ്ണൂര്‍: ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലും യാത്രക്കാരെ വലച്ചു. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളായി യാത്രക്കാര്‍ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-അബുദാബി വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു.
കണ്ണൂരില്‍ വ്യാഴാഴ്ചയും ഇന്‍ഡിഗോ വിമാനസര്‍വീസുകളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. കണ്ണൂരില്‍നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് ഇന്‍ഡിഗോയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലും വെള്ളിയാഴ്ച ഇന്‍ഡിഗോ യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് വരുന്ന മൂന്ന് വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മൂന്നുവിമാനങ്ങളും വൈകുന്നു. തിരുവനന്തപുരം-പൂണെ, തിരുവനന്തപുരം-ബെംഗളൂരു ഉള്‍പ്പെടെ നാല് ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. അതേസമയം, ഇന്‍ഡിഗോ സര്‍വീസുകള്‍ വൈകുന്നത് സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
കഴിഞ്ഞദിവസവും സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്നുള്ള ഒട്ടേറെ ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. പലതും മണിക്കൂറുകളോളം വൈകി. തിരുവനന്തപുരത്ത് 26 സര്‍വീസുകളും നെടുമ്പാശ്ശേരിയില്‍ 40 സര്‍വീസുകളും കോഴിക്കോട്ട് 20 സര്‍വീസുകളും കണ്ണൂരില്‍ 18 സര്‍വീസുകളുമാണ് കഴിഞ്ഞദിവസങ്ങളില്‍ താളംതെറ്റിയത്.
കഴിഞ്ഞ മൂന്നുദിവസമായി രാജ്യവ്യാപകമായി ഇന്‍ഡിഗോ സര്‍വീസുകളില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. മൂന്നുദിവസത്തിനിടെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള 550-ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങള്‍ വൈകി. കുറച്ചുദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത. ബുധനാഴ്ച ഇന്‍ഡിഗോയുടെ 19.7 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കൃത്യസമയം പാലിച്ചത്. ചൊവ്വാഴ്ച ഇത് 35 ശതമാനവും തിങ്കളാഴ്ച 49.5 ശതമാനവുമായിരുന്നു. ദിവസവും ഏകദേശം 2300 വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്.
ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് തിരിച്ചടിയാകുന്നതെന്നാണ് സൂചന. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബര്‍ ഒന്നുമുതലാണ് നടപ്പായത്. ചട്ടം നടപ്പാക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്കുണ്ടായ വീഴ്ചകളിലേക്കാണ് പ്രതിസന്ധി വിരല്‍ചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകള്‍ ആരോപിച്ചു.
അതേസമയം, ഫെബ്രുവരി പത്തോടെ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്ന് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. സാങ്കേതികപ്രശ്‌നങ്ങള്‍, മോശം കാലാവസ്ഥ, പുതിയ ക്രൂ ഡ്യൂട്ടിടൈം ചട്ടം തുടങ്ങിയ കാരണങ്ങളാലാണ് സര്‍വീസുകള്‍ റദ്ദാകുന്നതെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ബദല്‍ യാത്രാക്രമീകരണങ്ങളോ റീഫണ്ടോ നല്‍കുമെന്നും കമ്പനി അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Indigo flights facing significant delays and cancellations across Kerala, impacting thousands of passengers. Get updates on affected services and travel disruptions.
Published: 05 Dec 2025, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented