തിരുവനന്തപുരം: ജനസാഗരത്തെ ഇളക്കിമറിച്ച്‌ ശംഖുംമുഖത്ത് നാവികസേനയുടെ കടൽ-ആകാശ ശക്തിപ്രകടനം. വലിയതുറ മുതൽ വലിയവേളി വരെ നിരന്ന യുദ്ധക്കപ്പലുകളുടെ പ്രകടനം തീരത്തു നിരന്ന പതിനായിരങ്ങളെ ആവേശത്തിലാക്കി. ബുധനാഴ്ച വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയതോടെ ആചാരവെടിക്കു സമാനമായി വേളി ഭാഗത്തുനിന്ന് ശംഖുംമുഖത്തെത്തിയ യുദ്ധക്കപ്പലിൽനിന്ന് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടി വെച്ചു. വലിയതുറ മുതൽ വേളി വരെയുള്ള തീരത്ത് തടിച്ചുകൂടിയ ജനനങ്ങളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു കപ്പലിൽനിന്ന് വെടിയുതിർത്തത്.

To advertise here,

തുടർന്ന് വിഴിഞ്ഞം കടലിനു സമീപം നങ്കൂരമിട്ടിരുന്ന ഇന്ത്യയുടെ കൂറ്റൻ പടക്കപ്പലും വിമാനവാഹിനിയുമായ ഐഎൻഎസ് വിക്രാന്ത് തീരക്കടലിലേക്ക് അടുപ്പിച്ചതോടെ തീരത്ത് കൈയടിയുടെ തിരമാലകളുയർന്നു. തൊട്ടുപിന്നാലെ ദേശീയപതാക വഹിച്ചുകൊണ്ടുള്ള ചേതക് ഹെലികോപ്റ്ററുകളെത്തി രാഷ്ട്രപതിക്ക് സല്യൂട്ട് നൽകിയതോടെ ശംഖുംമുഖം തീരത്ത് ആരവങ്ങളുയർന്നു. ആഴക്കടലിൽനിന്ന് രണ്ടു കപ്പലുകളുടെ അകമ്പടിയോടെ ആറിലധികം ഫാസ്റ്റ് അറ്റാക്ക് ബോട്ടുകളെത്തി തിരമാലകളെ ഇളക്കിമറിച്ച് ശത്രുവിനെ നേരിടുന്ന പ്രകടനങ്ങളും കാണികളെ കോരിത്തരിപ്പിച്ചു. ഈ പ്രകടനം നടക്കുന്നതിനിടയിൽ എംഎച്ച് 60 വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളെത്തി ആകാശത്ത്‌ വർണവെളിച്ചം വിതറി. തീരം തിങ്ങിനിറഞ്ഞിരുന്ന കാണികൾ വലിയ കൈയടിയാണ് ഇതിനു നൽകിയത്.

പി-8 വിമാനത്തിൽനിന്ന് വർണത്തിലും ദേശീയപതാകയുടെ നിറത്തിലുമുള്ള മൂന്ന് പാരഷൂട്ടുകളാണ് ശംഖുംമുഖം തീരത്തിറക്കിയത്. ഡോണിയർ വിമാനങ്ങളും മിഗ്-29 വിമാനങ്ങളും പൂത്തിരിക്കു സമാനമായ വർണവെളിച്ചമാണ് വിതറിയത്. തൊട്ടുപിന്നാലെ വന്ന ഹെലികോപ്റ്ററുകൾ ഒന്നിനു മുകളിൽ ഒന്നൊന്നായി നിരന്ന്‌ വെളിച്ചംവിതറി നടത്തിയ വേറിട്ട പ്രകടനവും നാവികസേനാദിനത്തിൽ ശ്രദ്ധേയമായി.

സൂപ്പർ സ്റ്റാറായി ഐഎൻഎസ് വിക്രാന്ത്

: കൊളംബോയിലെ രക്ഷാദൗത്യം കഴിഞ്ഞ് ശംഖുംമുഖത്ത് തിങ്കളാഴ്ച വൈകീട്ടെത്തിയ ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തായിരുന്നു യുദ്ധക്കപ്പലുകളിൽ സ്റ്റാറായിരുന്നത്. 30 വിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽനിന്ന് പോർവിമാനം പറന്നുയർന്നു നടത്തിയ അഭ്യാസത്തിന് കൈയടികളുടെ അലകളായിരുന്നു ബുധനാഴ്ച വൈകീട്ട് ശംഖുംമുഖം തീരം സാക്ഷ്യം വഹിച്ചത്. തൊട്ടുപിറകെ യുദ്ധസമാനമായ രംഗം സൃഷ്ടിച്ച് ഇറങ്ങിയ ഹെലികോപ്റ്ററുകളും വിക്രാന്തിനെ യുദ്ധക്കപ്പലുകളുടെ ‘സ്റ്റാർ’ ആക്കി. വൈകുന്നേരം 6.30-ഓടെ വിക്രാന്ത് ശംഖുംമുഖം തീരം വിട്ടു.

അമ്പരപ്പിച്ച് മുങ്ങിക്കപ്പലും

: ആകാശവും കടലും കീഴടക്കി സേന നടത്തിയ പ്രകടനങ്ങൾക്കൊപ്പം മുങ്ങിക്കപ്പലുമെത്തി. കടലാഴങ്ങളിലെ സുരക്ഷയും നിരീക്ഷണവും നടത്തുന്നതിനാണ് സേന മുങ്ങിക്കപ്പലുകളുടെ സേവനമുപയോഗിക്കുന്നത്. വേളിക്കടൽ ഭാഗത്തുണ്ടായിരുന്ന മുങ്ങിക്കപ്പൽ രാഷ്ട്രപതിയുടെ പവിലിയനുകൾക്കു മുന്നിലുള്ള കടൽ വഴി വലിയതുറ ഭാഗത്തേക്കു പോയി.

ത്രിവർണവെളിച്ചത്തിൽ പായ്ക്കപ്പലുകൾ

:സേനാദിനത്തോടനുബന്ധിച്ച് കൊച്ചിയിലെ ദക്ഷിണനാവിക കമാൻഡിൽനിന്നെത്തിയ തരംഗിണി, സുദർശിനി എന്നീ രണ്ടു പായ്ക്കപ്പലുകളും സേനാദിനത്തിലെ പ്രകടനത്തിൽ ശ്രദ്ധേയമായിരുന്നു. പണ്ടുകാലത്തു നടന്നിരുന്ന കടൽയുദ്ധങ്ങളിൽ പങ്കെടുത്തിരുന്ന പായ്ക്കപ്പലുകളെ ഓർമിപ്പിക്കുന്നതായിരുന്നു തരംഗിണിയും സുദർശിനിയും തീരക്കടലിലെത്തി ത്രിവർണവെളിച്ചം പകർന്ന കാഴ്ച. ആയിരങ്ങളാണ് ഇതു പകർത്തിയത്. തുടർന്ന് സേനയുടെ എല്ലാ യുദ്ധക്കപ്പലുകളും തീരക്കടലിൽ ഒരേ നിരയിലെത്തി നിരന്ന് വർണവെളിച്ചം വിതറിയതോടെ ശംഖുംമുഖത്തെ തീരക്കടലിന് സന്ധ്യക്ക് മഴവിൽനിറമായി. രാജ്യത്തിന് നാവികസേന നൽകുന്ന സേവനത്തിന് ജനസാഗരം വലിയ സല്യൂട്ട്‌ നൽകി.