തിരുവനന്തപുരം: ഇന്ത്യൻ തീരത്ത് ചൈനീസ് ഇടപെടലുകൾ നാവികസേനയുടെ നിരീക്ഷണത്തിലാണെന്ന് നാവികസേനാ വൈസ് അഡ്മിറൽ സമീർ സക്‌സേന പറഞ്ഞു. ശ്രീലങ്കൻ തീരത്തുൾപ്പെടെ ചൈന അവരുടെ സാന്നിധ്യം വർധിപ്പിക്കുന്നുണ്ട്. മാറിയ ലോകസാഹചര്യത്തിൽ എല്ലാ വെല്ലുവിളികളും നേരിടാൻ ഇന്ത്യൻ നാവികസേന സുസജ്ജമാണ്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നാവികസേന യുദ്ധക്കപ്പൽ നിർമാണത്തിലുൾപ്പെടെ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ്.

To advertise here,

തീരസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായും മറ്റു സൈനികവിഭാഗങ്ങളുമായും ചേർന്നുള്ള സുരക്ഷാസംവിധാനങ്ങൾ നാവികസേന ഒരുക്കും. എൽസാ-3 ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ നാവികസേന കൃത്യമായി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

തിരുവനന്തപുരത്ത് തിയേറ്റർ കമാൻഡ് വരുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ പ്രതിരോധമന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നാവികസേനാ ദിനാഘോഷം ഇന്ന് ശംഖുംമുഖത്ത്കടലിൽ സൈനികശക്തി പ്രകടനം

നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി സൈനികശക്തി പ്രകടനത്തിനൊരുങ്ങി തിരുവനന്തപുരം ശംഖുംമുഖം തീരം. ബുധനാഴ്ച വൈകീട്ട് 4.30-ന് ദിനാഘോഷം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വൈസ് അഡ്മിറൽ സമീർ സക്‌സേന തുടങ്ങിയവർ പങ്കെടുക്കും.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ പങ്കെടുക്കുന്ന സൈനികാഭ്യാസ പ്രകടനവുമുണ്ടാകും. ആദ്യമായാണ് തിരുവനന്തപുരം നാവികദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്. പൊതുജനങ്ങൾക്ക് സൈനിക അഭ്യാസപ്രകടനം വീക്ഷിക്കുന്നതിന് വെട്ടുകാട് തീരത്ത് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക പരിപാടികളുമുണ്ടാകും. നാവികസേനാദിനമായ ഡിസംബർ നാലിനായിരുന്നു ശക്തിപ്രകടനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി, രാഷ്ട്രപതിക്ക് ആ ദിവസം തിരുവനന്തപുരത്ത് എത്താൻ കഴിയാത്തതിനാലാണ് മൂന്നാംതീയതി ആഘോഷങ്ങൾ നടത്തുന്നത്.

മിഗ് 29, ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നിവയുൾപ്പെട്ട പടക്കപ്പലുകൾ തിരുവനന്തപുരം തീരത്ത് എത്തിയിട്ടുണ്ട്. പായ്ക്കപ്പലുകളായ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് സുദർശിനി എന്നിവയും ശക്തിപ്രകടനത്തിന്റെ ഭാഗമാകും. ചേതക് ഹെലികോപ്റ്ററുകളും ഹോക്സ് ഫൈറ്റർ ജെറ്റ് വിമാനങ്ങളും പങ്കെടുക്കും. 19 കപ്പലുകളും ഒരു അന്തർവാഹിനിയും 32 യുദ്ധവിമാനങ്ങളും സൈനിക ശക്തിപ്രകടനത്തിൽ അണിചേരുമെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്‌സേന പത്രസമ്മേളനത്തിൽ അറിയിച്ചു.