പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോക രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടുന്നുണ്ട്. പാചക വാതക പ്രതിസന്ധി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പല തട്ടിപ്പുകളും തെറ്റായ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പർപ്പിൾ സിലിണ്ടർ അഥവാ ചാണക/ഗോബർ സിലിണ്ടർ.

To advertise here,

പർപ്പിൾ നിറത്തിലുള്ള സിലിണ്ടറുകളാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത് - “ഉത്തരാഖണ്ഡിലെ രണ്ട് സഹോദരന്മാർ ചാണകം ഉപയോഗിച്ച് ബയോഗ്യാസ് സിലിണ്ടറുകൾ നിർമ്മിച്ചു. വെറും 500 രൂപയ്ക്കാണ് 18 കിലോയോളം ഗ്യാസ് ലഭ്യമാക്കുന്നത്. എൽപിജിക്ക് കുറഞ്ഞ നിരക്കിലൊരു ബദൽ വാഗ്ദാനം, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഊർജ്ജ പരിഹാരവുമാണിത് മുന്നോട്ട് വയ്ക്കുന്നത്” എന്നാണ്. പ്രചരിക്കുന്ന പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ ഉത്തരാഖണ്ഡ് സഹോദരന്മാർ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളോ വിശ്വസനീയമായ മാധ്യമ വാർത്തകളോ കണ്ടെത്താനായില്ല. പ്രചരിക്കുന്ന പോസ്റ്റിലെ ഗ്യാസ് സിലിണ്ടറുകളുടെ ചിത്രം അടിസ്ഥാനമാക്കി പരിശോധിച്ചു. ഇതിന്‍റെ വീഡിയോകൾ ഉപയോഗിച്ചു കൊണ്ടുള്ള സമാന പ്രചാരണം പല സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും നടക്കുന്നുണ്ട്.

ലഭ്യമായ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിൽ സിലിണ്ടറിനു മുകളിൽ XTRATEJ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടു. ഈ സൂചന അടിസ്ഥാനമാക്കി നടത്തിയ പരിശോധനിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന " ഇൻഡെയ്ൻ XTRATEJ" സിലിണ്ടറാണ് പ്രചരിക്കുന്ന പോസ്റ്ററുകളിൽ ഉള്ളതെന്ന് വ്യക്തമായി. കമ്പനി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഇൻഡ്യൻ ഓയിൽ വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി നാനോ-അഡിറ്റീവ് അടങ്ങുന്ന എൽപിജി, ‘ഇൻഡെയ്ൻ എക്സ്ട്രാതേജ്’ എന്ന പേരിൽ വിപണനം ചെയ്യുന്നുണ്ട്.

സാധാരണ എൽപിജിയേക്കാൾ കൂടുതൽ കാര്യക്ഷമതയും ലാഭവും നൽകുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് സൈറ്റിൽ പറയുന്നത്. നാനോ അഡിറ്റീവ് ഇന്ധനത്തിന്റെ ജ്വലനക്ഷമത വർദ്ധിപ്പിക്കുകയും ഉയർന്ന താപനിലയിലുള്ള ജ്വാല നൽകുകയും ചെയ്യുന്നു. എക്‌സ്‌ട്രാതേജ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 5 മുതൽ 10 ശതമാനം വരെ ഇന്ധനം ലാഭിക്കാൻ സാധിക്കുമെന്നാണ് ഇന്ത്യൻ ഓയിൽ അവകാശപ്പെടുന്നത്. മാത്രമല്ല, ഇവ ഗാർഹിക ഉപയോഗത്തിനുള്ളതല്ല എന്നും സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ കാണുന്നത് ഗോബർ ഗ്യാസ് സിലിണ്ടറല്ല മറിച്ച് ഇന്ത്യൻ ഓയിൽ വാണിജ്യ,വ്യവസായ ഉപയോഗത്തിനായി പുറത്തിറക്കിയ 'ഇന്റെയ്ൻ എക്സ്ട്രാഡേജ്' എൽപിജി സിലിണ്ടറുകളാണ്. ഇതിൽ നിന്നും പ്രചരാണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.