വൈക്കം (കോട്ടയം): ഗ്യാസിന് ക്ഷാമകാലമാണ്. ശ്മശാനത്തിലെ ആവശ്യത്തിന്‌ വാങ്ങിയതാെണങ്കിലും കവരും. ടി.വി.പുരം പഞ്ചായത്തിൽ ചേരിക്കൽ പുതിയതായി നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനുസമീപം മുറിയിൽ സൂക്ഷിച്ചിരുന്ന 16 ഗ്യാസ് സിലിൻഡർ മോഷ്ടാക്കൾ കവർന്നു.

To advertise here,

മുറിയുടെ പൂട്ട് തകർത്താണ് അകത്തുകയറി മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിനുശേഷമുള്ള ദിവസമാണ് മോഷണം നടത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം ഹരിതകർമസേനാംഗങ്ങൾ സമീപത്തുള്ള എം.സി.എഫിന്റെ മുറി തുറക്കാനെത്തിയപ്പോൾ കതകിന്റെ പൂട്ട് തകർത്തനിലയിൽ കണ്ടതോടെയാണ് മോഷണവിവരം അറിയുന്നത്.

പഞ്ചായത്ത് സെക്രട്ടറി വൈക്കം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിരലടയാളവിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും, യാതൊരു സൂചനയും ലഭിച്ചില്ല. സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു. പോലീസന്വേഷണം ഊർജിതമായി മുന്നോട്ടുപോകുന്നു.

ശ്മശാനത്തിന്റെ പ്രവർത്തനത്തിനായുള്ള, 19 കിലോ തൂക്കംവരുന്ന 16 കൊമേഴ്‌സ്യൽ സിലിൻഡറാണ് മോഷണംപോയത്.

ഏകദേശം 75,000 രൂപയുടെ നഷ്ടം കണക്കാകുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ടി.വി.പുരം ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ 93 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ശ്മശാനം നിർമിച്ചത്.

2025 ഒക്ടോബറിൽ ഇതിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും, പ്രവർത്തിക്കുന്നതിനാവശ്യമായ രേഖകൾ ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. അടുത്ത ദിവസങ്ങളിലായി രേഖകളെല്ലാം ലഭിച്ചെങ്കിലും കളക്ടറുടെ പ്രവർത്തനാനുമതി ആവശ്യമാണ്. ജൂലായ് എട്ടിന് പ്രവർത്തനക്ഷമമാക്കാനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ്‌ സിലിൻഡറുകൾ മോഷണംപോയത്.

പ്രതികളെ പിടികൂടി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ആവശ്യപ്പെട്ടു.

മോഷണവിവരം അറിഞ്ഞശേഷം കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ മോഷണവുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യുകയോ, മുഴുവൻ കമ്മിറ്റിയംഗങ്ങളെയും വിവരമറിയിക്കുകയോ ചെയ്യാതിരുന്നത് മോഷ്ടാക്കളെ സംരക്ഷിക്കാനാണെന്ന് കോൺഗ്രസ് ടി.വി.പുരം മണ്ഡലം പ്രസിഡന്റ് ടി. അനിൽകുമാർ ആരോപിച്ചു.

പഞ്ചായത്ത് ഭരണസമിതി സംഭവം മൂടിവെക്കാനാണ് ശ്രമിച്ചതെന്നും അനിൽകുമാർ പറഞ്ഞു.