
തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തത്തുല്യമായ ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യതകളില്‍ ഇളവ് വരുത്തി ഡയറക്ടറെ നിയമിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം. ബുധനാഴ്ച തിരുവനന്തപുത്ത് ഈ രീതിയില്‍ ഇന്റര്‍വ്യൂ നടത്തുമെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാറിനെ നിയമിക്കുന്നതിനാണ് എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്‍ ഇളവ് വരുത്തിയത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനുവേണ്ടി തിടുക്കത്തില്‍ സ്പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഐഎച്ച്ആര്‍ഡി നിയമാവലി പ്രകാരം യോഗ്യതകളില്‍ ഭേദഗതി വരുത്താന്‍ ഗവേണിങ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. AICTE വ്യവസ്ഥപ്രകാരം എഞ്ചിനീറിങ്ങില്‍ ബിരുദാനന്തര ബിരുദവും 15 കൊല്ലത്തെ അധ്യാപന പരിചയവും പിഎച്ച്ഡി ഗൈഡ് ഷിപ്പും രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയവും യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ആക്കാന്‍ സാധിക്കു. എന്നാല്‍, സ്പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്ത് ഏഴു വര്‍ഷത്തെ അഡിഷണല്‍ ഡയറക്ടര്‍ പരിചയംകൂടി ഡയറക്ടര്‍ നിയമനത്തിനുള്ള പുതിയ യോഗ്യതയായി കൂട്ടിച്ചേര്‍ത്തു.
ഡയറക്ടര്‍ക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിങ്ങിന് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം.സി.എ ബിരുദമാണുള്ളത്. 1997-ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ചട്ടവിരുദ്ധമായി അസിസ്റ്റന്റ് ഡയറക്ടറായി ഐഎച്ച്ആര്‍ഡി യില്‍ നേരിട്ട് നിയമനം ലഭിച്ച അരുണ്‍ കുമാറിന് '1999 മുതല്‍ 2001 വരെ കയര്‍ഫെഡിന്റെ എംഡി യായും തുടര്‍ന്ന് 2008 ല്‍ ഐഎച്ച്ആര്‍ഡി യില്‍ ജോയിന്റ് ഡയറക്ടറായും നിയമനം നല്കി. 2010-ല്‍ അച്യുതാനന്ദന് ഗവണ്മെന്റ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഐ.സി.ടി അക്കാദമി പുതുതായി രൂപീകരിച്ച് മുഖ്യമന്ത്രി തന്നെ മകനെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
2016 ല്‍ പിണറായി സര്‍ക്കാര്‍ സീനിയര്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. പി.സുരേഷ് കുമാറിന് ഐഎച്ച്ആര്‍ഡി ഡയറക്ടറായും അരുണ്‍ കുമാറിന് അഡിഷണല്‍ ഡയറക്ടറായും നിയമനം നല്‍കിയിരുന്നു. ഡയറക്ടര്‍ തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ഡോ. സുരേഷ് കുമാറിനെ മെയ് 2023-ല്‍ സി-ആപ്റ്റിന്റെ ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ നിയമിച്ചശേഷം അരുണ്‍ കുമാറിന് ഡയറക്ടറുടെ താത്ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഡയറക്ടറുടെ താല്‍ക്കാലിക ചുമതല 3-6-2023 മുതല്‍ ലഭിച്ച അരുണ്‍കുമാര്‍ ഐഎച്ച്ആര്‍ഡി യുടെ ജനറല്‍ ബോഡിയുടെ അനുമതി കൂടാതെ യോഗ്യതകളില്‍ തനിക്ക് അനുസൃതമായി ഇളവ് വരുത്തി 20-11-2023 ല്‍ സര്‍ക്കാരിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഹയര്‍ എജുക്കേഷന്‍ സെക്രട്ടറിക്ക് പകരം അഡിഷണല്‍ സെക്രട്ടറിഒപ്പ് വച്ചാണ് '2023 ഡിസംബറില്‍ ഉത്തരവ് ഇറക്കിയത്.
ബുധനാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവില്‍ എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന യോഗ്യതയുള്ള ഒന്‍പത് സീനിയര്‍ പ്രിന്‍സിപ്പല്‍മാരോടൊപ്പം യോഗ്യതകളില്‍ ഇളവ് ലഭിച്ച അരുണ്‍ കുമാറും പങ്കെടുക്കുന്നുണ്ട്. സ്പെഷ്യല്‍ റൂളില്‍ വരുത്തിയ ഭേദഗതിയും അരുണ്‍കുമാറിന് നല്കിയ ഡയറക്ടറുടെ ചുമതലയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കുമ്പോണ് തിരക്കിട്ടുള്ള നാളത്തെ ഇന്റര്‍വ്യൂ. അടുത്തകാലത്ത് അന്തരിച്ച ഒരു ഉന്നതനായ സിപിഎം നേതാവിന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വി.എസ്. അച്യുതാനന്ദന്റെ മകന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനം നല്കാന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് ഒന്‍പത് എന്‍ജിനീയറിങ് കോളേജുകളും എട്ട് പോളികളും 45 അപ്ലയ്ഡ് സയന്‍സ് കോളേജുകളും, 15 ഹയര്‍ സെക്കന്ററി സ്കൂളുകളും മോഡല്‍ ഫിനിഷിങ് സ്കൂളും പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡിയുടെ തലപ്പത്ത് എഐസിടിഇ/യൂ ജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ അവഗണിച്ച് ഡയറക്ടര്‍ നിയമനം നടത്തരുതെന്നും ബുധനാഴ്ച (ഒക്ടോബര്‍ 9) നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റര്‍വ്യൂ മാറ്റിവയ്ക്കണമെന്നും യോഗ്യതകളില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Content Highlights: ihrd director interview on wednesday thiruvananthapuram
Published: 08 Oct 2024, 08:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented